ദോഹ: പതിനായിരങ്ങളെ സാക്ഷിയാക്കി അല്‍തുമാമ സ്‌റ്റേഡിയത്തില്‍ നടന്ന അമീര്‍ കപ്പിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തങ്ങളുടെ ആധിപത്യം വീണ്ടും ഉറപ്പിച്ച് അല്‍സദ്ദ്. അല്‍റയ്യാനുമായി നടന്ന ആവേശകരമായ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. നാലിനെതിരേ 5 ഗോളുകള്‍ക്കാണ് അല്‍സദ്ദ് കിരീടം നിലനിര്‍ത്തിയത്.
അല്‍ റയ്യാനാണ് ആദ്യം അക്കൗണ്ട് തുറന്നത്. കൊണ്ടും കൊടുത്തും മുന്നേറിയ മല്‍സരത്തില്‍ 44ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ യാസീന്‍ ഇബ്രഹീമി റയ്യാനെ മുന്നിലെത്തിക്കുകയായിരുന്നു. അതേസമയം 58ാം മിനുട്ടില്‍ മറ്റൊരു പെനല്‍റ്റിയിലൂടെ സാന്റി കാസ്രോള അല്‍സദ്ദിന് വേണ്ടി ഗോള്‍ തിരിച്ചടിച്ചതോടെ മത്സരത്തിന് ആവേശം ഇരട്ടിയായി. പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മല്‍സരം ടൈബ്രേക്കറിലേക്കു നീണ്ടതോടെ അല്‍റയ്യാന് വേണ്ടി ഷോജ ഖലീല്‍സാദ അവസാന ഷോട്ടെടുത്തു. പക്ഷെ ആ ഷോട്ട് അല്‍സദ്ദ് ഗോളി അല്‍ശീബ് ആസൂത്രിതമായി തട്ടിയകറ്റി. അവസാന ഷോട്ട് തങ്ങളുടെ മികച്ച താരമായ വൂ യുങ് യുങ് കൃത്യമായി വലയിലെത്തിച്ചതോടെ വിജയകിരീടം സ്വന്തമാക്കുകയായിരുന്നു അല്‍സദ്ദ്.
അമീര്‍ കപ്പ്: കിരീടം വീണ്ടും അല്‍സദ്ദിന്
