
ദോഹ:കോവിഡ് തീവ്രവ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമീര്‍ കഴിഞ്ഞ ദിവസം ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള അമീറിന്റെ ഉത്തരവ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ സഹിതം മെഡിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പടെ സഹായം ഖത്തര്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്നാണ് അറിയുന്നത്.
കൊറോണ വൈറസിന്റെ പുതിയ തരംഗത്തെ നേരിടാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളില്‍ ഇന്ത്യന്‍ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനൊപ്പം എല്ലാ പിന്തുണയും അമീര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ.അഹമ്മദ് ബിന്‍ ഹസന്‍ അല്‍ഹമ്മാദിയുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കൂടിക്കാഴ്ച നടത്തി. കോവിഡിനെതിരായ പോരാട്ടത്തില്‍ ഖത്തറിന്റെ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും ഇന്ത്യന്‍ അംബാസഡര്‍ നന്ദി അറിയിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിച്ചിരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയശേഷം ഇതുവരെയായി 88ലധികം രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ സഹായമെത്തിച്ചത്.