ആര്‍ റിന്‍സ്
ദോഹ

യുഎന്‍ പൊതുസഭയുടെ 75-ാമത് സെഷനെ അഭിസംബോധന ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നടത്തിയ പ്രസംഗത്തിന് അറബ് ലോകത്ത് വന്‍ വരവേല്‍പ്പ്. നിരവധി ദേശീയ, അറബ്, അന്തര്‍ദേശീയ വിഷയങ്ങളില്‍ ഖത്തറിന്റെ ഉറച്ച നിലപാടുകളെ സ്ഥിരീകരിക്കുന്നതായിരുന്നു അമീറിന്റെ പ്രസംഗമെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങളിലൂടെ വ്യക്തമാക്കി.
സമഗ്രവും അസാധാരണവുമായ പ്രസംഗമായിരുന്നു അമീര്‍ നടത്തിയതെന്നാണ് പൊതുവിലയിരുത്തല്‍. ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ ഇസ്രാഈലൂമായി ബാന്ധവത്തിലേര്‍പ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ആഗോള വേദിയില്‍ ഇസ്രാഈലിന്റെ തനിനിറം തുറന്നുകാട്ടുന്നതായിരുന്നു അമീറിന്റെ പ്രസംഗം. ഫലസ്തീന്റെ ന്യായമായ അവകാശങ്ങള്‍ക്കൊപ്പമാണ് രാജ്യമെന്ന് അമീര്‍ ഉറപ്പിച്ചുപറഞ്ഞു. ഇസ്രാഈലിന്റെ അതിക്രമങ്ങള്‍ക്കെതിരെ അമീര്‍ തുറന്നടിച്ചു. ഇസ്രാഈലിനു മുന്നില്‍ രാജ്യാന്തര സമൂഹം നിസ്സഹായരാകുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഗള്‍ഫ് പ്രതിസന്ധിയും മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന അന്യായ ഉപരോധവും അമീര്‍ പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടി. നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ഖത്തറിന്റെ നിയമപരമായ നിലപാടാണ് അമീര്‍ ആവര്‍ത്തിച്ചത്. അമീറിന്റെ പ്രസംഗം എല്ലാ അറബ് വിഷയങ്ങളെയും മനുഷ്യരാശിയെ മൊത്തത്തില്‍ ആശങ്കപ്പെടുത്തുന്ന കോവിഡ് മഹാമാരി ഉള്‍പ്പടെയുള്ള എല്ലാ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നുവെന്ന് അല്‍വതന്‍ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ വിശാലമായ മാനുഷിക ആശങ്കകളും എല്ലാവര്‍ക്കുമായി മെച്ചപ്പെട്ട ലോകത്തിനായി രാജ്യം നടത്തുന്ന സമഗ്രമായ പരിശ്രമങ്ങളും പ്രതിഫലിപ്പിച്ചു.
അമേരിക്കയും താലിബാനും ഫെബ്രുവരി 29ന് ദോഹയില്‍ ഒപ്പുവെച്ച ചരിത്രപരമായ സമാധാനകരാറില്‍ ഖത്തറിന്റെ പങ്കും അഫ്ഗാനില്‍ സമാധാനത്തിന് വഴിയൊരുക്കുന്നതില്‍ ഖത്തറിന്റെ ശ്രമങ്ങളും പ്രസംഗത്തില്‍ അമീര്‍ എടുത്തുകാട്ടി. സംഘര്‍ഷങ്ങളും ദുരന്തങ്ങളും അനുഭവിക്കുന്ന അറബ് രാജ്യങ്ങളിലെ എല്ലാ സഹോദരങ്ങള്‍ക്കും പ്രത്യേകിച്ചും സിറിയ, യമന്‍, സുഡാന്‍, ലിബിയ, ലബനന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ വികാരങ്ങള്‍ക്ക് അമീറിന്റെ പ്രസംഗത്തില്‍ സവിശേഷമായ സ്ഥാനമുണ്ടായിരുന്നു.
ഭാവിതലമുറക്ക് ഒരു മാര്‍ഗനിര്‍ദേശമാണ് അമീറിന്റെ പ്രസംഗമെന്ന് അല്‍ശര്‍ഖ് ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ലോകത്തിനു മുന്നില്‍ വരച്ചിടുന്നതായിരുന്നു അമീറിന്റെ പ്രസംഗമെന്ന് ലുസൈല്‍ പത്രം എടുത്തുപറഞ്ഞു.
അറബ് ആഗോള പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ നിലപാട് സുവ്യക്തമാക്കുന്നതായിരുന്നു പ്രസംഗമെന്ന് അല്‍റായ ചൂണ്ടിക്കാട്ടി. ഗള്‍ഫ് പ്രതിസന്ധി, അനധികൃത ഉപരോധം ഉള്‍പ്പടെ സുപ്രധാന വിഷയങ്ങളില്‍ ശക്തമായ സന്ദേശം ലോകത്തിനു നല്‍കുന്നതായിരുന്നു പ്രസംഗം.അറബ് ജനങ്ങളുടെ ശക്തമായ വികാരമാണ് യുഎന്നില്‍ അമീര്‍ പ്രതിഫലിപ്പിച്ചതെന്നാണ് നയതന്ത്രവിദഗ്ദ്ധരുടെ വിലയിരുത്തല്‍. അറബ് മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ വസ്തുനിഷ്ടമായും വെള്ളംചേര്‍ക്കാതെയും അവതരിപ്പിക്കാന്‍ അമീറിന് കഴിഞ്ഞുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. അമീറിന്റെ പ്രസംഗം ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതികരണം സൃഷ്ടിച്ചിട്ടുണ്ട്.
ലോകരാജ്യങ്ങള്‍ ശ്രദ്ധയോടെയാണ് അമീറിന്റെ പ്രസംഗത്തെ ശ്രവിച്ചത്. അറബ് പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ സുവ്യക്തമായ നിലപാട് ആവര്‍ത്തിച്ചും ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെയും പരസ്പരബഹുമാനത്തിലധിഷ്ഠിതമായ നിരുപാധികമായ ചര്‍ച്ചകളിലൂടെയും ഉപരോധം നീക്കിയും ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയുമായിരുന്നു അമീറിന്റെ പ്രസംഗമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെയും വിദേശങ്ങളിലെയും അറബ് രാജ്യാന്തര മാധ്യമങ്ങളും നയതന്ത്രവിദഗ്ദ്ധരും അമീറിന്റെ പ്രസംഗത്തെ പ്രശംസിച്ചു.
ഖത്തറിന്റെയും ഖത്തറിലെ ജനതയുടെയും അഭിമാനം വാനോളം ഉയര്‍ത്തുന്നതായിരുന്നു അമീറിന്റെ പ്രസംഗമെന്ന് പൊതുസമൂഹവും പ്രതികരിച്ചു. അറബ്- ഇസ്‌ലാമിക് രാജ്യങ്ങളുടെ പൊതുശബ്ദമായാണ് പലരും അമീറിന്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത്. പുതിയ പ്രതീകമായും മാതൃകാവ്യക്തിത്വമായും പലരും അമീറിനെ എടുത്തുകാട്ടി.
യു എന്‍ പൊതുസഭയില്‍ രാജ്യാന്തര സമൂഹത്തിന്റെ ദൗര്‍ബല്യങ്ങളെ അമീര്‍ വിമര്‍ശിച്ചത് പൊതുവെ സ്വീകരിക്കപ്പെട്ടു. ഫലസ്തീന്‍ വിഷയത്തില്‍ കൂടുതല്‍ തീവ്രമായിരുന്നു അമീറിന്റെ വാക്കുകള്‍. ഇസ്രാഈലിനെ അതിരൂക്ഷമായാണ് അമീര്‍ കുറ്റപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തില്‍ തീവ്രവും വികാരപരവുമായാണ് അമീര്‍ ഫലസ്തീനുവേണ്ടി വാദിച്ചത്. ഇസ്രാഈലിന്റെ ദുരുദ്ദേശ്യങ്ങളെ കൃത്യമായി തുറന്നുകാണിക്കാനും അമീറിന് കഴിഞ്ഞു.
അമീറിന്റെ യുഎന്‍ പ്രസംഗത്തെ
മന്ത്രിസഭായോഗം പ്രശംസിച്ചു
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ യു.എന്‍ പൊതുസഭയിലെ പ്രസംഗത്തെ മന്ത്രിസഭായോഗം അഭിനന്ദിച്ചു.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭായോഗം. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ ആക്ടിങ് മന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി അജണ്ട വിശദീകരിച്ചു. വിവിധ പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളില്‍ ഖത്തറിന്റെ നിലപാടും ആഗോള വെല്ലുവിളികളും മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കുന്നതിന് ആവശ്യമായ തത്വങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള അമീറിന്റെ പ്രസംഗം സമഗ്രവും നിര്‍ണായകവുമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ അന്യായ ഉപരോധം സംബന്ധിച്ച അമീറിന്റെ നയത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ഉപരോധം തുടങ്ങി മൂന്നുവര്‍ഷത്തിനുശേഷവും രാജ്യം എല്ലാ മേഖലകളിലും മുന്നേറുകയാണെന്ന് അമീര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാലയളവില്‍ രാജ്യം അന്താരാഷ്ട്ര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും അന്താരാഷ്ട്ര നിയമത്തെയും യുഎന്‍ ചാര്‍ട്ടറിനെയും ബഹുമാനിക്കുന്നതിനുള്ള തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തുവെന്നും അമീര്‍ വ്യക്തമാക്കിയിരുന്നു.
ഫലസ്തീന്‍ വിഷയത്തോടുള്ള ഖത്തറിന്റെ പ്രതിബദ്ധത അമീറിന്റെ പ്രസംഗത്തില്‍ വ്യക്തമായിരുന്നുവെന്നും മന്ത്രിസഭ എടുത്തുപറഞ്ഞു. ഗസ മുനമ്പിലെ ഉപരോധം നീക്കുന്നതിനും അന്തര്‍ദേശിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശ്വസനീയ ചര്‍ച്ചകളിലൂടെ സമാധാന പ്രക്രിയ്യയെ തിരിച്ചുകൊണ്ടുവരുന്നതിനും ഇസ്രാഈലിനെ നിര്‍ബന്ധിതരാക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്വം രാജ്യാന്തര സമൂഹം പ്രത്യേകിച്ചും സുരക്ഷാ കൗണ്‍സില്‍ ഏറ്റെടുക്കണമെന്ന അമീറിന്റെ ക്ഷണത്തോടു രാജ്യാന്തര സമൂഹം പ്രതികരിക്കുമെന്ന പ്രത്യാശയും മന്ത്രിസഭ പ്രകടിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍, കാലാവസ്ഥ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിനും ദാരിദ്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും ശക്തമായ അന്താരാഷ്ട്ര സഹകരണത്തിനുള്ള അമീറിന്റെ ആഹ്വാനത്തെയും മന്ത്രിസഭ പ്രശംസിച്ചു. ഭീകരവാദത്തിനെതിരായ യുഎന്‍ ഏജന്‍സികളുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അമീറിന്റെ പ്രഖ്യാപനവും മന്ത്രിസഭ എടുത്തുകാട്ടി. യുഎന്‍ പൊതുസഭയുടെ 75-ാം വാര്‍ഷിക സ്മരണക്കായി സംഘടിപ്പിച്ച ഉന്നതതലയോഗത്തിലെ അമീറിന്റെ പങ്കാളിത്തത്തെയും മന്ത്രിസഭ അഭിനന്ദിച്ചു.