
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് സിറ്റിയിലെത്തി അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ വിയോഗത്തില്‍ നേരിട്ട് അനുശോചനം അറിയിച്ചു. ബിലാല്‍ ബിന്‍ റബാഹ് പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും ഖത്തര്‍ അമീര്‍ പങ്കെടുത്തു. അമീറിനെ അനുഗമിച്ച ഔദ്യോഗിക പ്രതിനിധിസംഘത്തിലെ അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി എന്നിവരും മന്ത്രിമാരും ശൈഖുമാരും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. പുതിയ അമീറായി ചുമതലയേറ്റ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിനെ അമീര്‍ അനുശോചനം അറിയിച്ചു.

രാജകുടുംബാംഗങ്ങള്‍, റാങ്കിങ് ഉദ്യോഗസ്ഥര്‍, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കും അമീര്‍ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനോടു കരുണക്കായും സ്വര്‍ഗത്തില്‍ സമാധാനത്തോടെ വിശ്രമിക്കാനാകട്ടെയെന്നും അമീര്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. ശൈഖ് സബാഹിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഇന്നലെ ഉച്ചക്കാണ് ഖത്തര്‍ അമീര്‍ ശൈഖ്് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്തിലേക്ക് പുറപ്പെട്ടത്. ഔദ്യോഗിക പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാജ്യാന്തര വിമാനത്താവളത്തില്‍ അമീറിനെ അമീരി ദിവാന്‍ ഉപദേഷ്ടാവ് ശൈഖ്് മുഹമ്മദ് അല്‍ഖാലിദ് ഹമദ് അല്‍സബാഹ്, കുവൈത്തിലെ ഖത്തര്‍ അംബാസഡര്‍ ബന്‍ദര്‍ ബിന്‍ മുഹമ്മദ് അല്‍അത്തിയ്യ, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഖത്തറിലെ എല്ലാ പള്ളികളിലും ഇന്നലെ ഇഷാ നമസ്‌കാരത്തിനുശേഷം ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിനു വേണ്ടിയുള്ള മയ്യിത്ത് നമസ്‌കാരം നടന്നു.
അമീരി ദിവാനില്‍നിന്നുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് പരിമിതമായ തോതില്‍ വിശ്വാസികള്‍ പങ്കെടുത്തുകൊണ്ടായിരുന്നു പള്ളികളിലെ മയ്യിത്ത് നമസ്‌കാരം.