ദോഹ: സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ തലസ്ഥാനമായ അബൂദബിയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി യുണൈറ്റഡ് അറബ് എമിറേറ്റ്. പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ അബൂദബി വിമാനത്താവളത്തിലെത്തിയ അമീറിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് നേരിട്ടെത്തി സ്വീകരിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹസ്സ ബിന്‍ സായിദ് അല്നഹ്യാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂന് ബിന്‍ സായിദ് അല്‍ നഹ്യാന്, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുള്‍പ്പെടെ സംഘവും ഒപ്പമുണ്ടായിരുന്നു. ഇന്ന് നടക്കുന്ന വിവിധ കൂടിയാലോചനകളില്‍ അമീര്‍ സംബന്ധിക്കും. ഖത്തര്‍-യു.എ.ഇ ബന്ധം കൂടുതല്‍ ഊഷ്മളമാവാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക വാര്ത്താഏജന്സികള് റിപ്പോര്‍ട്ട് ചെയ്തു.
ഏറെക്കാലത്തിന് ശേഷം ഖത്തര്‍ ലോകകപ്പ് കാലയളവില്‍ ഡിസംബര്‍ അഞ്ചിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ദോഹ സന്ദര്‍ശിച്ചിരുന്നു. ബാന്റുമേളങ്ങളും ഗാര്‍ഡ് ഓഫ് ഓണറുമായായിരുന്നു അന്ന് യു.എ.ഇ അധ്യക്ഷനെ ഖത്തര്‍ സ്വീകരിച്ചത്. ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ അങ്ങേയറ്റം പ്രശംസിച്ച് അദ്ദേഹം രംഗത്തു വരികയും ചെയ്തു. ഗള്‍ഫ് ഉപരോധമുണ്ടാക്കിയ നയതന്ത്ര വിടവ് ഇരു രാജ്യങ്ങളും ഇതികനം പരിഹരിച്ചിട്ടുണ്ടെന്നും വിശാലമായ സഹകരണ സാധ്യതകളാണ് ഖത്തറും യു.എ.ഇയും തേടുന്നതെന്നും നയതന്ത്ര രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.