
ദോഹ: കത്താറയില്‍ തുടരുന്ന നാലാമത് രാജ്യാന്തര വേട്ട- ഫാല്‍ക്കണ്‍ പ്രദര്‍ശനം ‘സുഹൈല്‍ 2020’ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു. വിസ്ഡം സ്ക്വയറിലും കത്താറ ഹാളിലുമായി ഈ മാസം 24വരെ പ്രദര്‍ശനം തുടരും. പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫാല്‍ക്കണുകള്‍, വേട്ടയാടല്‍, സ്നിപ്പിങ് ഉപകരണങ്ങള്‍, വിവിധതരം തോക്കുകള്‍ ഉള്‍പ്പടെ വേട്ടക്കുപയോഗിക്കുന്ന ആയുധങ്ങള്‍, ഉപകരണങ്ങള്‍, സ്നിപ്പിങ് യാത്രക്കുള്ള ആര്‍ട്ട്ബോര്‍ഡുകള്‍ എന്നിവയെല്ലാം അമീര്‍ വീക്ഷിച്ചു. പ്രാദേശിക, അന്തര്‍ദേശീയ കമ്പനികളുമായി സഹകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പ്രദര്‍ശനത്തെക്കുറിച്ച് അമീറിനോടു വിശദീകരിച്ചു. കത്താറയുടെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നാണ് സുഹൈല്‍. 13 രാജ്യങ്ങളില്‍നിന്നായി 120 കമ്പനികളുടെ പങ്കാളിത്തമുണ്ട്. ഖത്തര്‍, കുവൈറ്റ്, പാകിസ്ഥാന്, യുഎസ്, ബ്രിട്ടന്, സ്പെയിന്, തുര്‍ക്കി, ബെല്‍ജിയം, ലെബനന്, പോര്‍ച്ചുഗല്‍, റൊമാനിയ, ഫ്രാന്‍സ്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്.