
ദോഹ: പുകയില സംബന്ധമായ അസുഖങ്ങളാല്‍ ഖത്തറില്‍ മരിക്കുന്നത് 312 പേര്‍. ഖത്തര്‍ കാന്‍സര്‍ സൊസൈറ്റി(ക്യുസിഎസ്)യുടെ പ്രൊഫഷണല്‍ ഡെവലപ്മെന്റ് ആന്റ് സയന്റിഫിക് റിസര്‍ച്ച് വിഭാഗം മേധാവി ഡോ. ഹാദി അബു റഷീദാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഖത്തര്‍ സമീപകാലത്ത് പുകയില നിയന്ത്രണത്തില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ മരിക്കുകയും അനാവശ്യമായി രോഗികളാവുകയും ചെയ്യുന്നു. പുകയില ഉപയോഗത്തില്‍ നിന്ന് സമൂഹത്തിന് ചിലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോക പുകയില ദിനത്തോടനുബന്ധിച്ചും കോവിഡ് -19ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള പ്രതിരോധ നടപടിയായും ക്യുസിഎസ് ടൈം ടു ക്വിറ്റ് എന്ന പേരില്‍ ഇലക്ട്രോണിക് കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ദി ടുബാക്കോ അറ്റ്‌ലസിന്റെ കണക്കുകളും സ്ഥിതിവിവരക്കണക്കുകളും പ്രകാരം ഖത്തറില്‍ പ്രതിവര്‍ഷം ശരാശരി 312 പേര്‍ പുകയില മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം മരിക്കുന്നുണ്ട്. ഖത്തറില്‍ പുകവലി മൂലമുണ്ടാകുന്ന സാമൂഹിക ദോഷങ്ങളും സാമ്പത്തിക ചെലവുമായി കണക്കാക്കുന്നത് 801 മില്യണ്‍ റിയാലാണ്. ആരോഗ്യസംരക്ഷണ ചെലവുകളുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചെലവുകളും ആദ്യകാല മരണനിരക്കും രോഗാവസ്ഥയും മൂലം നഷ്ടപ്പെട്ട ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ട പരോക്ഷ ചിലവുകളും ഉള്‍പ്പടെയാണിത്.
മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഖത്തറില്‍ പുകയില മൂലം കുറച്ചുപേരാണ് മരിക്കുന്നത്. പുകയില ഇപ്പോഴും ആഴ്ചയില്‍ അഞ്ച് പുരുഷന്മാരെയും പ്രതിവര്‍ഷം 32 സ്ത്രീകളെയും മരണത്തിനിരകളാക്കുന്നു. 2015ല്‍ ഖത്തറില്‍ ദിവസവും അഞ്ചില്‍ ഒരാള്‍ പുകയില ഉപയോഗിച്ചിരുന്നു. 2016 ല്‍ ഏഴ് പേരില്‍ ഒരാള്‍ പ്രതിദിനം പുകയില ഉപയോഗിക്കുന്നുണ്ട്. ഖത്തറില്‍ ഇപ്പോഴും 28,800 പേര്‍ പുകയില്ലാത്ത പുകയില ഉപയോഗിക്കുന്നുണ്ട്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ സിഗരറ്റ് കഷണങ്ങളാണ്. ഓരോ വര്‍ഷവും 927 ടണ്‍ ബട്ടുകളും പായ്ക്കുകളും ഖത്തറില്‍ വിഷ ചവറ്റുകുട്ടകളായി മാറുന്നുവെന്ന് കണക്കാക്കപ്പെടുന്നു- ഡോ. റഷീദ് കൂട്ടിച്ചേര്‍ത്തു.