in

പുരാതന ഗ്രാമത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നു

ദോഹ: ഖത്തറിലെ പഴയ ഇസ്ലാമിക് വാസസ്ഥലത്തെ പുതിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഖത്തര്‍ മ്യൂസിയംസ്(ക്യുഎം) ഒരുങ്ങുന്നു.
അല്‍ മഫ്ജര്‍ ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് പുരാതന ഗ്രാമത്തെ വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാക്കി ഉയര്‍ത്തുന്നത്. ഖത്തറിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍മഫ്ജര്‍ ഗ്രാമം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഇസ്‌ലാമിക് സെറ്റില്‍മെന്റാണ്്.
സാംസ്‌കാരിക- പൈതൃക കേന്ദ്രീകൃതമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ഓപ്പണ്‍ എയര്‍ മ്യൂസിയം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വിനോദസഞ്ചാരകേന്ദ്രമാക്കി ഈ ഗ്രാമത്തെ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ഖത്തര്‍ മ്യൂസിയംസ് വ്യക്തമാക്കി. പൈതൃക ഗ്രാമത്തിന്റെ പുരാതന സ്വഭാവം നിലനിര്‍ത്തിക്കൊണ്ടായിരിക്കും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. സ്വകാര്യ മേഖലയുടെ പിന്തുണയോടെയാണ് നടപ്പാക്കുന്നത്.
ഖത്തരി ഗ്രാമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുനരുദ്ധാരണ പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. പുരാതന ഗ്രാമം പുനസ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനുമായി പ്രമുഖ എന്‍ജിനിയറിങ് കോണ്‍ട്രാക്റ്റിങ് കമ്പനിയായ സീഷോര്‍ ഗ്രൂപ്പുമായി ഖത്തര്‍ മ്യൂസിയംസ് അടുത്തിടെ കരാര്‍ ഒപ്പുവെച്ചിരുന്നു. സംരക്ഷണത്തിന്റെയും പുനസ്ഥാപനത്തിന്റെയും ഏറ്റവും ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരം ഉറപ്പാക്കും. ഇതിനായി ഖത്തര്‍ മ്യൂസിയംസിന്റെ ബില്‍ഡിങ്‌സ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് മാനേജുമെന്റ്, സാംസ്‌കാരിക പൈതൃക സംരക്ഷണ വകുപ്പുകളുമായി സീഷോര്‍ ഗ്രൂപ്പ് സഹകരിച്ചുപ്രവര്‍ത്തിക്കും. ഖത്തറിന്റെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഖത്തര്‍ മ്യൂസിയംസ് വിവിധ തലങ്ങളില്‍ നടത്തിവരുന്നുണ്ട്.
രാജ്യമെമ്പാടുമുള്ള സാംസ്‌കാരിക ഭവനങ്ങളെയും ഗ്രാമങ്ങളെയും സംരക്ഷിക്കുന്നതിനും പുനസ്ഥാപിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും ഖത്തര്‍ മ്യൂസിയംസ് വ്യക്തമാക്കി.
പുരാതന പട്ടണങ്ങള്‍, വാച്ച് ടവറുകള്‍, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വാസസ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പൈതൃക സ്ഥലങ്ങള്‍ ഖത്തറിലുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ പൈതൃക സൈറ്റുകളിലൊന്നാണ് അല്‍ സുബാറ പുരാവസ്തു കേന്ദ്രം. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിലുമുള്ള ഗള്‍ഫ് വ്യാപാര നഗരത്തിന്റെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണങ്ങളിലൊന്നാണിത്. 2013ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ അല്‍സുബാറയെ ഉള്‍പ്പെടുത്തിയിരുന്നു.
ഖത്തറിലെ ഏറ്റവും വലിയ പൈതൃക സൈറ്റാണ് അല്‍സുബാറ. അതിമനോഹരമായ നഗര മതില്‍, പുരാതന പാര്‍പ്പിടങ്ങള്‍, കൊട്ടാരങ്ങള്‍, വീടുകള്‍, മാര്‍ക്കറ്റുകള്‍, വ്യാവസായിക മേഖലകള്‍, പള്ളികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് അല്‍സുബാറ.
ഫറൈഹ, റുവൈദ, ബര്‍സാന്‍, അല്‍ഖോര്‍ ടവേഴ്‌സ്, അല്‍റകായത് ഫോര്‍ട്ട്, റാസ് ബറൂഖ്, അല്‍ജസാസിയ എന്നിവയെല്ലാം പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങളാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ റുവൈസ് തുറമുഖത്തിന് സുപ്രധാന പങ്ക്‌

കോവിഡ് പ്രതിസന്ധി: ഇതുവരെ ഇന്ത്യയിലേക്ക് മടങ്ങിയത് 37,126 പേര്‍