ഇനി മൂന്നു തരം കോവിഡ് പരിശോധനകള്‍ക്ക് കൂടി സ്വകാര്യ മേഖലയെ സമീപിക്കാം

ദോഹ: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ആന്റിബോഡി, ആന്റിജന്‍ പരിശോധനകള്‍ക്ക് കൂടി അനുമതി നല്‍കിയതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ പി സി ആര് (പൊളിമിറൈസ് ചെയിന്‍ റിയാക്ഷന്) ടെസ്റ്റിന് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതോടെ മൂന്നു തരം പരിശോധനകള്‍ക്ക് കൂടി പൊതുജനങ്ങള്‍ക്ക് സ്വകാര്യ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളെ സമീപിക്കാനാവും.
റാപിഡ് ആന്റിജന്‍ ടെസ്റ്റ് വേഗത്തില്‍ കോവിഡ് പരിശോധിക്കാനാവുന്ന സംവിധാനമാണ്. ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍ ഇതിലൂടെ മനസ്സിലാവും. മൂക്കില്‍ നിന്നുള്ള സ്രവമെടുത്താണ് ഇത് പരിശോധിക്കുക. 15 മിനുട്ടുകള്‍ക്കകം ലഭ്യമാവും. ആന്റി ബോഡി ടെസ്റ്റിംഗ് (റാപിഡ്, ആന്റി-എന്‍, ആന്റി-എസ്) മുമ്പ് രോഗബാധയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മനസ്സിലാവും. പ്രതിരോധ ശേഷി മനസ്സിലാക്കലാണ് ലക്ഷ്യം. രക്തത്തുള്ളികളാണ് പരിശോധനക്ക് ആവശ്യം. 15 മിനുട്ടിനുള്ളില്‍ ഫലം ലഭിക്കും. പൊളിമിറൈസ് ചെയിന്‍ റിയാക്ഷന് പരിശോധനയില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും മറ്റും തിരിച്ചറിയാന്‍ ഇതിലൂടെ സാധ്യമാകും. അണുബാധയുടെ ആദ്യഘട്ടത്തില്‍ തന്നെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഈ പരിശോധനയിലൂടെ മനസ്സിലാവും. 24 മണിക്കൂറിനുള്ളിലാണ് ഫളം വരിക. വിമാന യാത്രക്കും പ്രധാന ആശുപത്രി ചികിത്സാ ചട്ടങ്ങള്‍ക്കും പി സി ആര് പരിശോധനയാണ് ആവശ്യപ്പെടുന്നത്. അണുബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉന്നത നിലവാരത്തിലുള്ള പരിശോധന എന്നാണ് പി സി ആര് അറിയപ്പെടുന്നത്.
എല്ലാ പരിശോധനകളും സ്വകാര്യ മേഖലയിലും ലഭ്യമാക്കുന്നതിലൂടെ വിപുലമായ തലത്തില്‍ കോവിഡ് മനസ്സിലാക്കാനാവുമെന്ന് വിലയിരുത്തപ്പെടുന്നു. 3 പരിശോധനകള്‍ക്കും ആവശ്യമായ വിദഗദ്ധ പരിശീലനം ഖത്തര്‍ ആരോഗ്യമന്ത്രാലയം നല്‍കും. ഡിപ്പാര്‍ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിന് ആന്റ് പത്തോളജി ആണ് ഈ പരിശീലനത്തിന് നേതൃത്വം നല്‍കുക. അതേസമയം ഇതിനാവശ്യമായ കിറ്റുകളും മറ്റും വിതരണക്കാരില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും നേരില്‍ വാങ്ങാം. പക്ഷെ ഏതൊക്കെ കിറ്റുകളാണ് ഉപയോഗിക്കേണ്ടതെന്നും അനുമതിയുള്ളത് ഏതാണെന്നും ആരോഗ്യമന്ത്രാലയം അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.