in ,

കാറിലിരിക്കൂ; വഖ്‌റയില്‍ ഹൃദ്രോഗമുള്ളവര്‍ക്ക് തുടര്‍ ചികിത്സ അടുത്തെത്തും

ഖത്തറിന്റെ കോവിഡ് കരുതല്‍ പുതുവഴികളില്‍

ഹൃദ്രോഗികള്‍ക്ക് രക്തം കട്ടപിടിക്കാതിരിക്കാനുള്ള
ചികിത്സ നടത്തുന്ന നഴ്‌സ്.
വഖ്‌റ ആശുപത്രി ഒരു ദൃശ്യം (താഴെ)

ദോഹ: ഹൃദ്രോഗമുള്ളവര്‍ക്ക് രക്തം കട്ട പിടിക്കുന്നത് തടയാന്‍ സഹായിക്കുന്ന ആന്റികൊഗുലന്റ് ചികിത്സാ നിരീക്ഷണവും പരിശോധനയും കാറുകളിലിരുന്നുകൊണ്ടുതന്നെ നിര്‍വഹിക്കാനാകും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള അല്‍വഖ്‌റ ആസ്പത്രിയിലെ പാര്‍ക്കിങ് സ്ഥലത്താണ് ഇതിനായുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. രോഗികള്‍ക്ക് വാഹനത്തില്‍നിന്നിറങ്ങാതെ തന്നെ നിരീക്ഷണത്തിനും കൊഗുലേഷന്‍ പരിശോധനയും സാധ്യമാണ്. കൊറോണ വൈറസ് മഹാമാരിക്കെതിരായ മുന്‍കരുതലുകളുടെ ഭാഗമായി ആസ്പത്രി സന്ദര്‍ശിക്കേണ്ട സാഹചര്യം പരമാവധി കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനമെന്ന് അല്‍വഖ്‌റ ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സബാ അദ്‌നാന്‍ അല്‍ഖാദി പറഞ്ഞു. അല്‍വഖ്‌റ ആസ്പത്രിയിലെ കാര്‍ഡിയോളജി വകുപ്പുമായും ഫാര്‍മസിയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആന്റികൊഗുലേഷന്‍ ക്ലിനിക്കാണ് ഇ-കാര്‍ സേവനം നല്‍കുന്നത്.

ആസ്പത്രി സന്ദര്‍ശനങ്ങള്‍ കുറക്കാം

ക്ലിനിക്കിലെ രോഗികള്‍ക്ക് ആസ്പത്രികളില്‍ പ്രവേശിക്കാതെ തന്നെ അവരുടെ കാറുകളിലിരുന്നുകൊണ്ടുതന്നെ പരിശോധന നടത്തുന്നതിനും മരുന്നുകള്‍ ലഭിക്കുന്നതുവരെയുള്ള വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകാനുമാകും. ചികിത്സയുടെ ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആസ്പത്രി സന്ദര്‍ശനങ്ങള്‍ കുറക്കുന്നതിന് മറ്റു മെഡിക്കല്‍ വകുപ്പുകളിലും ഈ സേവനം നടപ്പാക്കുന്നുണ്ടെന്ന് അല്‍വഖ്‌റ ആസ്പത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയും ആന്റികോഗുലേഷന്‍ ക്ലിനിക്കിന്റെ മെഡിക്കല്‍ സൂപ്പര്‍വൈസറുമായ ഡോ. ഇസ്സുദ്ദീന്‍ ഹംസ സവാലി പറഞ്ഞു. ക്ലിനിക്കിലെ ഭൂരിഭാഗം രോഗികളും കാര്‍ഡിയാക്, ഇന്റേണല്‍ മെഡിസിന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍, പ്രായമായവര്‍ എന്നിവരാണ്. അണുബാധയില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിന് സുരക്ഷിതമായ മാര്‍ഗം തേടുന്നത് യുക്തിസഹമാണ്. രോഗികള്‍ക്ക് ആന്റികോഗുലന്റുകള്‍ക്കു മരുന്നുകള്‍ നല്‍കുന്നതിന് സവിശേഷമായ പരിശോധന ആവശ്യമാണ്. ആനുകാലിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ ഉചിതമായ അളവ് നിര്‍ണയിക്കുന്നത്. ക്ലിനിക്കില്‍ നിന്നും രോഗിയെ വിളിച്ച് അപ്പോയിന്റ്‌മെന്റ് സമയം അറിയിക്കും. പാര്‍ക്കിങ് ഏരിയയില്‍ എത്ര മണിക്കാണ് എത്തേണ്ടതെന്ന് അറിയിക്കും.

കാര്‍ഡിയോളജിസ്റ്റ് മേല്‍നോട്ടം; മരുന്ന് വീട്ടിലെത്തും

കാര്‍ഡിയോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റാണ് രോഗികളുടെ തുടര്‍ പരിശോധനാ നടപടി പൂര്‍ത്തിയാക്കുന്നത്. ആസ്പത്രിക്കുള്ളില്‍ പ്രവേശിച്ച് ഡോക്ടറെ കണ്ട് പരിശോധന നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള നടപടികള്‍ ഒഴിവാക്കി കാര്‍ പാര്‍ക്കിങ്ങില്‍ സ്വന്തം കാറിലിരുന്ന് പരിശോധനക്ക് വിധേയമാകാം. ക്ലിനിക്കിലെ നഴ്‌സ് എത്തി കൊഗുലേഷന്‍ പരിശോധന നടത്തും. ഗ്ലൗസും മാസ്‌കും ഉള്‍പ്പെടെയുള്ള വൈറസ് പ്രതിരോധ വസ്ത്രങ്ങള്‍ അണിഞ്ഞാണ് നഴ്‌സ് രോഗിയെ സമീപിക്കുന്നത്. ഉടന്‍ തന്നെ ഫലം അറിയാനാകും. പരിശോധനാ ഫലം ലഭിച്ചാലുടന്‍ ഫാര്‍മസിയിലെ ജീവനക്കാര്‍ രോഗിയെ വിളിച്ച് ഭക്ഷണശീലങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, അലര്‍ജിയുള്ളവരാണോ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കും.
തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ അതേ ദിവസം തന്നെ എച്ച്എംസി ഫാര്‍മസി വകുപ്പിന്റെ ഹോം ഡെലിവറി സേവനം വഴി രോഗിയുടെ വീട്ടില്‍ എത്തിക്കും.

മാസത്തില്‍ 200 രോഗികള്‍

ആന്റി കൊഗുലേഷന്‍ ക്ലിനിക്ക് പ്രതിമാസം 200 ഓളം രോഗികളെയാണ് പരിചരിക്കുന്നത്. 70 ശതമാനം പേരും നേരത്തെ ശസ്ത്രക്രിയകള്‍ക്ക് വിധേയമായവരോ അല്ലെങ്കില്‍ വിട്ടുമാറാത്ത മറ്റ് രോഗങ്ങളുള്ളവരോ അല്ലെങ്കില്‍ വയോധിക വിഭാഗത്തില്‍പ്പെട്ടവരോ ആണ്. അല്‍വഖ്‌റ ആസ്പത്രി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍ ഫോണിലൂടെ മെഡിക്കല്‍ കണ്‍സള്‍ട്ടിങ് സേവനങ്ങള്‍ നല്‍കുന്നത് തുടരുകയാണെന്നും മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡ് വികസന പദ്ധതി ഉടന്‍ പൂര്‍ത്തിയാകും