ദോഹ: ചരിത്രത്തിലാദ്യമായി നടക്കുന്ന ഫിഫ അറബ് കപ്പ് ആരവങ്ങള്‍ക്കായി ഖത്തറിലെ ദോഹ കോര്‍ണിഷ് തീരം 9 ദിനങ്ങള്‍ അവധിയെടുക്കുന്നു. സംഗീത സദ്യയും ഭക്ഷ്യവിഭവങ്ങളും വെടിക്കെട്ടും ആകാശകാഴ്ചകളുമായി കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളാണ് ഇവിടം അരങ്ങേറുക. നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെ കോര്‍ണിഷ് തെരുവിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതുഗതാഗതം മാത്രമായിരിക്കും ആശ്രയം.

യാത്രക്കാര്‍ക്ക് ദോഹ മെട്രോയും കര്‍വ ബസ്സ് സര്‍വീസും ആശ്രയിക്കാം. ഏഴ് മെട്രോ സ്റ്റേഷനുകളാണ് കോര്‍ണിഷ് സ്ട്രീറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ബസ്സുകളില്‍ വരുന്നവര്‍ക്ക് 40 ബസ് സ്റ്റോപ്പുകളുമുണ്ടാവുമെന്ന് ഫിഫ അറബ് കപ്പ് സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ കോര്‍ണിഷില്‍ നടക്കും. അല്‍ബിദ പാര്‍ക്ക്, കോര്‍ണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഭക്ഷ്യമേള. 12 ഫുഡ് ട്രക്കുകള്‍, 145 ഫുഡ് സ്റ്റാളുകള്‍ എന്നിവയുമായി കോര്‍ണിഷ് സ്ട്രീറ്റില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 4 വരെയും അല്‍ബിദയില്‍ നവംബര്‍ 26 മുതല്‍ ഡിസംബര്‍ 11വരെയുമാണ് ഭക്ഷ്യമേള നടക്കുക.
ഹോട്ട് എയര്‍ ബലൂണുകള്‍, സംഗീതം, വെടിക്കെട്ട തുടങ്ങിയവയുണ്ടാവും. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ രാത്രി 11 വരെയും അവധി ദിവസങ്ങളില്‍ വൈകീട്ട് 3 മുതല്‍ രാത്രി 1 വരെയും ആയിരിക്കും മേള. ഇന്ററാക്ടീവ് ഇന്‍സ്റ്റലേഷനുകള്‍, സംഗീത ജല പ്രദര്‍ശനം, ഖത്തറിലെ ഏറ്റവും വലിയ എല്‍.ഇ.ഡി ഇന്സ്റ്റലേഷന് തുടങ്ങിയവയാണ് മറ്റ് ആകര്ഷണങ്ങള്. അടച്ചിടല്‍ കാലയളവില്‍ ദോഹ കോര്‍ണിഷിലേക്ക് രാവിലെ 6 മുതല്‍ 10 വരെ, ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ, വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ ഹെവി വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. പൊതുഗതാഗതത്തിനും സ്കൂള്‍ ബസ്സുകള്‍ക്കും ഇളവുണ്ട്. ഫിഫ അറബ് കപ്പ് നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്കു സമീപം ട്രക്കുകളെയും പ്രവേശിപ്പിക്കില്ല. പുലര്‍ച്ചെ 1 മുതല്‍ രാവിലെ 5 വരെ ഇളവുണ്ടെന്നും സംഘാടകര്‍ വിശദീകരിച്ചു.