- നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായി അല്‍ജസീറ
അശ്റഫ് തൂണേരി/ദോഹ:
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ ലോകോത്തര മാതൃകയായ ഖത്തറിലെ അല്‍ജസീറക്ക് 25 വയസ്സ്. അറബ് ലോകത്തെ പ്രഥമ സ്വതന്ത്രന്യൂസ് ചാനലായി 1996 നവംബര്‍ 1-ന് അറബ് ഭാഷയില്‍ തുടക്കം കുറിച്ച അല്‍ജസീറ ഇപ്പോള്‍ വിവിധ ഭാഷകളിലായി ചാനലുകള്‍, വെബ്സൈറ്റുകള്‍, അതിനൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെ ലോകം മുഴുക്കെ പ്രചാരം നേടിയ വന്‍ മാധ്യമ ശൃംഖലയാണ്. യുദ്ധമുഖങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും ജനപക്ഷത്ത് നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 11 മാധ്യമപ്രവര്‍ത്തകരെ ബലികൊടുക്കേണ്ടി വന്ന അല്‍ജസീറയുടെ വിവിധ ബ്യൂറോ ഓഫീസുകള്‍ ബോംബിട്ട് തകര്‍ക്കുകയും ആക്രമണവിധേയമാവുകയും ചെയ്തിട്ടുണ്ട്. നിരവധി സൈബര്‍ ആക്രമണങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. പല ഭരണകൂടങ്ങളുടേയും ബഹിഷ്കരണവും നിരോധവും വകവെക്കാതെ സധൈര്യം പിന്നിട്ട 25 വര്‍ഷങ്ങളാണ് തങ്ങള്‍ക്ക് ലോക മനസ്സാക്ഷിക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ളതെന്ന് അല്‍ജസീറ അധികൃതര്‍ വ്യക്തമാക്കി.
”ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമം എന്ന നിലയിലാണ് അറബ് ലോകത്ത് ഇങ്ങിനെയൊരു ദൗത്യവുമായി അല്‍ജസീറ ഇറങ്ങിയത്. സത്യം തുറന്നുപറയാനും പുതിയൊരു മാധ്യമസംസ്കാരം ഉണ്ടാക്കിയെടുക്കാനും അല്‍ജസീറക്ക് കഴിഞ്ഞു. ബി.ബി.സി മാത്രമായിരുന്നു മുമ്പിലുണ്ടായിരുന്ന മാതൃക. എന്നാല്‍ അവരുടേയും പരിമിതികളെ മറികടക്കാന്‍ തങ്ങള്‍ ശ്രമിക്കുകയായിരുന്നു. അല്‍ജസീറക്ക് മുമ്പ് മാധ്യമലോകത്ത് ഇത്രയധികം സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം സാധ്യമായിരുന്നുവോ എന്നത് സംശയകരമാണ്.”- അല്‍ജസീറ നെറ്റ് വര്‍ക് ആക്ടിംഗ് ഡയരക്ടര്‍ ജനറല്‍ മുസ്തഫ സവാഗ് പറഞ്ഞു.
കാല്‍നൂറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി സംപ്രേഷണം ചെയ്ത ‘ഇന്‍സൈഡ് സ്റ്റോറി’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം, 2011-ലെ അറബ് വസന്തം, ഇസ്രാഈലിന്റെ ഫലസ്തീന് അധിനിവേശം, അഫ്ഗാന് യുദ്ധം തുടങ്ങിയവ വ്യക്തതയോടെ നേരില്‍ റിപ്പോര്‍ട്ട് ചെയ്ത് ലോക ശ്രദ്ധനേടിയ ചാനലാണ് അല്‍ജസീറ. പലരും കടന്നുചെല്ലാന്‍ മടിച്ച ആഫ്രിക്കന്‍ വന്‍കരയിലെ പല രാജ്യങ്ങളിലേയും മനുഷ്യജീവിതം ചാനല്‍ കണ്ടെത്തി.
താരിഖ് അയ്യൂബാണ് അല്‍ജസീറക്ക് വേണ്ടി ആദ്യം രക്തസാക്ഷിയായ മാധ്യമപ്രവര്ത്തകന്. 2003 ഏപ്രിലില്‍ ഇറാഖിലെ ബഗ്ദാദിനടുത്തുള്ളള അല്കറാഖിലെ അല്‍ജസീറ ബ്യൂറോ അമേരിക്കന്‍ യുദ്ധവിമാനം ബോംബിട്ടു തകര്ത്തതിനെത്തുടര്ന്നായിരുന്നു താരിഖ് കൊല്ലപ്പെട്ടത്. പിന്നീട് പലഘട്ടങ്ങളിലായി വിവിധ രാജ്യങ്ങളില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നിര്‍വ്വഹണത്തിനിടെ ജീവന് നല്‍കേണ്ടിവന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് വര്‍ഷങ്ങളോളം തടവു ശിക്ഷയും നേരിടേണ്ടിവന്നിട്ടുണ്ട്. ഗ്വാണ്ടാനാമോ ജയിലില്‍ 6 വര്‍ഷം അതികഠിനമായ പീഢനങ്ങളാണ് അല്‍ജസീറ ക്യാമറാമാന് സാമിഅല്ഹാജിന് അനുഭവിക്കേണ്ടിവന്നത്.

2017- ജൂണില്‍ ഖത്തറിന് നേരെ ചില ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ പരിഹാരമാവശ്യപ്പെട്ട 13 കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് അല്‍ജസീറ അടച്ചുപൂട്ടണമെന്നായിരുന്നു. 2005-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുമായുള്ള കൂടിക്കാഴ്ചയില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ദോഹയിലെ അല്‍ജസീറ ആസ്ഥാനത്ത് ബോംബ് സ്ഫോടനം നടത്താന്‍ ആലോചിച്ചുവെന്ന ആരോപണമുയര്‍ന്നത് ഏറെ വിവാദങ്ങള്‍ക്കിടയായിരുന്നു. 2021 മെയ് 15-ന് ഗസ്സയിലെ അല്‍ജസീറ ഓഫീസ് ഇസ്രാഈല്‍ ബോംബിട്ടു തകര്‍ത്തതുള്‍പ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അല്‍ജസീറ തങ്ങളുടെ 24 വര്‍ഷങ്ങള്‍ പിന്നിട്ടത്.
ഘോരബോംബു ശബ്ദങ്ങളേയും കഠിന വെല്ലുവിളികളേയും അതിജീവിച്ച്, അധികാരി വര്‍ഗ്ഗവുമായി സധൈര്യം ഏറ്റുമുട്ടി തങ്ങളുടെ അതുല്യമായ വഴിയിലൂടെ ലോക ജനതക്കായി ഇനിയും മുന്നോട്ടുപോവുമെന്ന് ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ‘എ യൂനീക് പാത്ത്’ എന്ന വീഡിയോ സന്ദേശത്തിലൂടെ അല്‍ജസീറ അറിയിച്ചു.
https://www.instagram.com/p/CVvhU9SAPbF/?utm_source=ig_web_copy_link