in

സി എച്ഛിന്റെ ശിപാര്‍ശയില്‍ ലഭിച്ച പാസ്‌പോര്‍ട്ടില്‍ ദോഹയിലെത്തി; കാല്‍നട യാത്രയുടെ പ്രിയതോഴന്‍ സി കെ അബ്ദുല്ല നാട്ടിലേക്ക്

സി കെ അബ്ദുല്ല. 1980-ല്‍ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടിലെ ചിത്രം

എ ടി ഫൈസല്‍/ദോഹ:

കാല്‍നട യാത്രയുടെ പ്രിയ തോഴനാണ് സി കെ അബ്ദുല്ലയെന്ന ചെക്യാട്ടുകാരന്‍. സിരകളില്‍ ലീഗാവേശം തിളച്ചുമറിയുന്ന അദ്ദേഹത്തിന് കെ എം സി സി പ്രവര്‍ത്തനം മിക്കപ്പോഴും നടത്തത്തിലൂടെ തന്നെ. കെ എം സി സി സാമൂഹിക സുരക്ഷാ ഫണ്ടും മെമ്പര്‍ഷിപ്പ് ചേര്‍ക്കലും ഖത്തര്‍ ചന്ദ്രികയുടെ വരി ചേര്‍ക്കാനും പൊതുചടങ്ങുകള്‍ക്ക് ആളെക്ഷണിക്കലുമെല്ലാം നടന്ന് നിര്‍വ്വഹിക്കുന്ന ഈ നിസ്വാര്‍ത്ഥ സേവകന്‍ പതിറ്റാണ്ടുകളുടെ പ്രവാസം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. അടിമുടി ലീഗുകാരനായ സി കെയുടെ ഖത്തര്‍ യാത്രക്ക് കാരണവും ലീഗിന്റെ എക്കാലത്തേയും നേതാവ് മുന്‍മുഖ്യമന്ത്രി സി എച്ഛ് മുഹമ്മദ് കോയയുടെ ഇടപെടലാണെന്നത് ശ്രദ്ധേയം. ”1980 ജൂലൈ മാസത്തിലാണ് സംഭവം. ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസം വേണമെന്ന ചിന്ത വന്നപ്പോള്‍ ഇപ്പോഴത്തെ മുസ്്‌ലിം ലീഗ് സമുന്നത നേതാവ് പുന്നക്കല്‍ അഹ്മദിന്റെ പിതാവ് ഉമ്മത്തൂരിലെ ശൈഖ് മാസ്റ്ററെ സമീപിക്കുകയായിരുന്നു. സി എച്ഛ് മുഹമ്മദ് കോയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശൈഖ് മാസ്റ്ററോടൊപ്പം സി എച്ഛിനെ കാണാന്‍ കോഴിക്കോട് നടക്കാവിലെത്തി. സി എച്ഛ്  തന്റെ കൈപ്പടയില്‍ അന്നത്തെ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് ഒരെഴുത്തു തന്നു. ഓഫീസറെ കണ്ടപ്പോള്‍ 10 ദിവസത്തിന് ശേഷം പാസ്‌പോര്‍ട്ട് വന്നു വാങ്ങാന്‍ പറഞ്ഞു. 100 രൂപയായിരുന്നു അന്ന് പാസ്‌പോര്‍ട്ടിന് ഫീസടച്ചത്.”  സി എച്ഛിന്റെ വ്യക്തിപ്രഭാവം നേരിലറിഞ്ഞ ആഹ്ലാദം പങ്കുവെച്ച് സി കെ അബ്ദുല്ല വിശദീകരിച്ചു.  
1980 റമളാന്‍ 17 ലെ മുസ്ലിം യൂത്ത് ലീഗിന്റെ ഭാഷാ സമരത്തില്‍ പങ്കെടുത്ത ശേഷം പിറ്റേന്നു രാവിലെയാണ് അബ്ദുല്ല പാറക്കടവില്‍ നിന്നും ബസ്സില്‍ തലശ്ശേരി വഴി ഇന്നത്തെ മുംബൈയില്‍ എത്തിച്ചേര്‍ന്നത്. ഓപ്പണ്‍ വിസ സംവിധാനമായിരുന്നു അന്നുണ്ടായിരുന്നത്. മുംബൈയില്‍ എത്തിയതിന് ശേഷം മെവൈദ്യപരിശോധന വേണം. പാസായതിന് ശേഷം മുംബൈയിലെ ഖത്തര്‍ കോണ്‍സുലേറ്റില്‍ ചെന്ന് അപേക്ഷിച്ചാല്‍ രണ്ടു മാസത്തെ കാലാവധിയുളള വിസ തരും. അതുമായി ഖത്തറിലെത്തിയാല്‍ പിന്നെ മെഡിക്കല്‍ ആവശ്യമില്ല. സി.ഐ.ഡി ക്ലിയറന്‍സും ഫിംഗര്‍ പ്രിന്റും കഴിഞ്ഞാല്‍ വിസ തയ്യാര്‍. ദോഹയിലെത്തി മൂന്നു മാസത്തോളം ജോലിയില്ലാതെ കഴിഞ്ഞു. പിന്നീട് എട്ട് വര്‍ഷത്തോളം ബിന്‍ മഹമൂദിലെ ഒരു ഗ്രോസ്സറിയില്‍. ഡ്യൂട്ടി 12 മണിക്കൂറില്‍ കൂടുതലായിരുന്നു. എന്നിട്ടും കെ.എം.സി.സി.യുടെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറവമായും, മുട്ടില്‍ യതീംഖാന ഖത്തര്‍ കമ്മിറ്റിയുമായൊക്കെയായി സഹകരിച്ചു പ്രവര്‍ത്തിച്ചു. 1985-ല്‍ കെ എം സി സി രൂപംപ്രാപിച്ചതോടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പഴയ കാല നേതാക്കളായ ഹാശിം ബക്കര്‍, പി കെ അബ്ദുല്ല, ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, പി. അമ്മത് മാസ്റ്റര്‍, ആനാണ്ടി മൊയ്തു ഹാജി, കണിയാങ്കണ്ടി അമ്മത് ഹാജി, അയമങ്കണ്ടി എന്നിവരോടൊപ്പം  തന്റെ പരിമിതമായ സമയം വെച്ച് പല പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു. 1997ല്‍ സമദ് നരിപ്പറ്റ പ്രസിഡന്റും പുളിയത്തിങ്കല്‍ മമ്മൂട്ടി ജനറല്‍ സെക്രട്ടറിയുമായ  ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ ഭാരാവാഹിയായി. 1988-ല്‍ നാട്ടില്‍ തിരിച്ചെത്തി. 5 വര്‍ഷത്തിനു ശേഷം വീണ്ടും പ്രവാസം. ഖത്തറിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നോക്കി. 1997-ലാണ് മന്‍സൂറ അല്‍മീരയില്‍ ജോലിക്ക് കയറുന്നത്. കാലത്ത് 7 മണിക്ക് എത്തേണ്ട ഡ്യൂട്ടിക്ക് 6.30 ന് തന്നെ എത്തും. ഷോപ്പ് തുറക്കേണ്ട ചുമതലയുമുണ്ടായിരുന്നു. 7 മണിമുതല്‍ 3 വരെ ഉളള സ്‌ട്രൈറ്റ് ഡ്യൂട്ടിയായിരുന്നു. മറ്റാര്‍ക്കും കൊടുക്കാത്ത ഈ പ്രത്യേകം ആനൂകൂല്യം കമ്പനി നല്‍കിയത് മികച്ച ജോലിക്കാരനായതിനാലായിരുന്നു. സറ്റാഫ് പെര്‍മോന്‍സിനുളള ഗുഡ് സര്‍ട്ടിഫിക്കറ്റ് പലതവണ നേടി. നീണ്ട 23 വര്‍ഷമാണ് അല്‍മീരയില്‍ ജോലി ചെയ്തത്. ഒരു ദിവസം പോലും മെഡിക്കല്‍ ലീവ് എടുക്കേണ്ടി വന്നില്ലെന്നും അത് ദൈവാനുഗ്രഹമാണെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ സാമൂഹിക സാസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമാണ് അബ്ദുല്ല. വര്‍ഷങ്ങളായി ഖത്തര്‍ താനക്കോട്ടൂര്‍ മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. ഖത്തര്‍ കെ എം സി സി നാദാപുരം മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ടും സംസ്ഥാന കൗണ്‍സിലറുമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 19) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറില്‍ 239 പേര്‍ക്ക് കൂടി കോവിഡ്; 223 പേര്‍ക്ക് കൂടി രോഗമുക്തി