
ദോഹ: റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് രണ്ടു ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ തിരുത്തി. ലോകത്തിലെ ഏറ്റവും നീളമേറിയ സൈക്കിള്‍ പാതയും ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് കോണ്‍ക്രീറ്റിങ് ഭാഗവും നിര്‍മിച്ചു കൊണ്ടാണ് അശ്ഗാല്‍ രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. അശ്ഗാലിന്റെ അല്‍ഖോര്‍ റോഡ് പദ്ധതിയുടെ ഭാഗമായവയാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ രണ്ടു പദ്ധതികളും 32.869 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സൈക്കിള്‍ പാത. ഈ ഫെബ്രുവരിയില്‍ ദേശീയ കായിക ദിനത്തില്‍ അല്‍ഖോര്‍ റോഡില്‍ സൈക്കിള്‍ സവാരിക്കാര്‍ക്കായി നിര്‍മിച്ചതാണ് ഫാസ്റ്റ് സൈക്കിള്‍ ട്രാക്ക്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗം അനുവദിക്കുന്നതാണ് ട്രാക്ക്. റോഡില്‍ നിന്ന് വേറിട്ട് സുരക്ഷിത പാതയാണ് ഒളിമ്പിക് സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണം.
തുടര്‍ച്ചയായ സൈക്കിള്‍ സവാരിക്കായി 29 അടിപ്പാതകളും 5 പാലങ്ങളും ട്രാക്കിന്റെ പ്രത്യേകതയാണ്. 33 കിലോമീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള സൈക്കിള്‍ പാത രാജ്യാന്തര കായിക മത്സരങ്ങള്‍ ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. ദേശീയ കായികദിനത്തില്‍ പ്രധാനമന്ത്രിയാണ് ഒളിമ്പിക് സൈക്കിള്‍ ട്രാക്ക് ഉദ്ഘാടനം ചെയ്തത്. കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ 25.275 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് റോഡ് കോണ്‍ക്രീറ്റിങ് പീസ്. 65 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതില്‍ 25.275 കിലോമീറ്ററിലാണ് കൂട്ടിച്ചേര്‍ക്കലുകളില്ലാത്ത കോണ്‍ക്രീറ്റ് പീസ് ഉപയോഗിച്ചിരിക്കുന്നത്. 28 കിലോമീറ്ററാണ് വീതി. പദ്ധതികള്‍ കാര്യക്ഷമമായും ഉയര്‍ന്ന നിലവാരത്തിലും നടപ്പാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അശ്ഗാലിന്റെ പ്രതിബദ്ധതയാണ് ഈ ഗിന്നസ് റെക്കോര്‍ഡുകളില്‍ പ്രതിഫലിക്കുന്നതെന്ന് പദ്ധതികാര്യ ഡയറക്ടര്‍ എന്‍ജിനിയര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു.