ദോഹ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യമാക്കി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സിഐസി) ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 19ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ ജൂൺ 9 വെള്ളിയാഴ്ച രാവിലെ 7 ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ എന്നിവയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യമ്പിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രണ്ടായിരത്തിലധികം പേർ ക്യാമ്പിൽ പരിശോധനക്കായി രജിസ്റ്റർ ചെയ്തതായി സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറിലധികം ഡോക്ടർമാർ നാല് ഷിഫ്റ്റുകളിലായി ക്യാമ്പിൽ സേവനമനുഷ്ഠിക്കും. എഴുപതിലധികം നേഴ്‌സുമാരും നിരവധി ഫാര്മസിസ്റ്റുകളും സേവന സന്നദ്ധരായി ഉണ്ടാവും . വിപുലമായ പരിശോധന സൗകര്യങ്ങളാണ് ഒരുക്കിയത് . കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറാപ്പി, ഓഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്‌കാനിംഗ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്‍മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാവും. ഹമദ് മെഡിക്കൽ കോര്പറേഷൻ, കെയർ ആൻഡ് ക്യൂയർ , വെൽകയർ എന്നീ സ്ഥാപങ്ങളാണ് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നത് . ഖത്തർ യൂണിവേഴ്സിറ്റി മെഡിക്കൽ വിഭാഗം , വെയിൽകോര്ണല് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കും.
ഉച്ചക്ക് ശേഷം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ആരോഗ്യബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നടുവേദനയും പരിഹാരമാര്‍ഗങ്ങളും, കാന്‍സര്‍ രോഗനിര്‍ണയം സ്ത്രീകളില്‍, മറവി രോഗം എങ്ങിനെ നേരിടാം എന്നീ വിഷയങ്ങളില്‍ ഡോ. മഹേഷ് മേനോന്‍, ഡോ. രശ്മി ഗുരവ്, ഡോ. ദേവി കൃഷ്ണ, ഡോ. മണിചന്ദ്രന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.കേമ്പ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ക്കൊപ്പം കാഴ്ച – കേള്‍വി പരിശോധനകള്‍, ഓറല്‍ ചെക്കപ്പ് തുടങ്ങിയവക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രക്തദാനം, അവയവദാനാം എന്നിവക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിൽ നടക്കും.ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്‌സ് അസോസിയേഷന്‍, അല്‍ഹമദ് സെക്യൂരിറ്റി സര്‍വീസസ് തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.
ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പിന് 2002 ലാണ് തുടക്കമായത്. കോവിഡ് മഹാമാരി കഴിഞ്ഞ് ഇപ്പോഴാണ് സംഘടിപ്പിക്കുന്നത്.
വാർത്താസമ്മേളനത്തിൽ ഹമദ് മെഡിക്കൽകോർപറേഷൻ പ്രതിനിധി ഇസ്ഹാഖ് അഹമ്മദ് സഈദ്, പി.എച്ച്.സി.സി പ്രതിനിധി ഡോ. മുഹമ്മദ് സുഹൈൽ, മെഡിക്കൽ ക്യാമ്പ് വൈസ് ചെയർമാൻമാരായ കെ.സി അബ്ദുൽ ലത്തീഫ്, അബ്ദുറഹീം പി .പി , കൺവീനർ റഷീദ് അഹമ്മദ് ടി.എസ്, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, ഐ.ഡി.സി സോഷ്യൽ വെൽഫെയർ സെക്രട്ടറി ഡോ. മഖ്ദും അസീസ്, മുഹമ്മദലി പങ്കെടുത്തു.