
ദോഹ: സ്‌പോര്‍ട്‌സ് മെഡിസിനില്‍ രാജ്യാന്തര തലത്തിലെ മുന്‍നിര സ്ഥാപനമാകാനൊരുങ്ങി ആസ്‌പെറ്റര്‍.
സമീപ ഭാവിയില്‍തന്നെ രാജ്യാന്തരതലത്തിലെ മുന്‍നിര സ്ഥാപനമാകാനുള്ള തീവ്ര പരിശ്രമത്തിലാണ് ആസ്‌പെറ്ററെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. കായിക പരിശീലനത്തിനും മത്സരത്തിനുമിടയില്‍ താരങ്ങള്‍ക്കുണ്ടാകുന്ന പരുക്കിന് വിദഗ്ധ ചികില്‍സയാണ് ആസ്‌പെറ്റര്‍ ലഭ്യമാക്കുന്നത്.
അത്‌ലറ്റുകള്‍ക്കുണ്ടാകുന്ന പരുക്കുകളെക്കുറിച്ചുള്ള ഗവേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രായോഗിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പടെയാണ് ആസ്‌പെറ്റര്‍ നടപ്പാക്കുന്നത്. പരമാവധി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ അത്‌ലറ്റുകളെ സഹായിക്കുക എന്നതാണ് ആസ്‌പെറ്ററിന്റെ ലക്ഷ്യം.
സ്‌പോര്‍ട്‌സ് മെഡിസിനു പുറമേ താരങ്ങള്‍ക്കു ഫിസിയോതെറാപ്പി സേവനങ്ങളും ഇവിടെ ലഭ്യമാണ്. രാജ്യാന്തര, മേഖല, പ്രാദേശിക തലങ്ങളിലുള്ള 100ല്‍ ഏറെ കായിക മത്സരങ്ങള്‍ക്കാണ് ഓരോ വര്‍ഷം ഖത്തര്‍ വേദിയൊരുക്കുന്നത്.
ഈ മത്സരങ്ങള്‍ക്കെല്ലാം വൈദ്യസഹായം ഉറപ്പാക്കുന്നത് ആസ്‌പെറ്ററാണ്. 370 ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ പാരാമെഡിക്കല്‍ സംഘത്തിനാണ് ഇതിനുള്ള ചുമതല.
11,000 മണിക്കൂറിലധികം സമയമാണ് ഓരോ വര്‍ഷവും ആസ്‌പെറ്റര്‍ വൈദ്യസേവനം നല്‍കുന്നത്.
ഗള്‍ഫ് മേഖലയിലെ ആദ്യ സ്‌പോര്‍ട്‌സ് മെഡിസിന്‍ ആസ്പത്രിയാണ് ആസ്‌പെറ്റര്‍. ഐഎഎഎഫ് രാജ്യാന്തര അത്‌ലിറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ അത്‌ലറ്റിക്‌സ്, ക്ലബ്ബ് ലോകകപ്പ്, ഗള്‍ഫ് കപ്പ് എന്നിവക്കെല്ലാം മെഡിക്കല്‍ സേവനം ഉറപ്പാക്കിയത് ആസ്‌പെറ്ററായിരുന്നു.
ഖത്തറിന്റെ കായിക ഹബ്ബായ ഖലീഫ സ്റ്റേഡിയത്തിനു സമീപത്തായാണ് ആസ്‌പെറ്റര്‍.