in , ,

ഒരു വീട്ടില്‍ 2 ചെറുപ്പക്കാരെങ്കിലും സിനിമാഭ്രാന്തന്മാര്‍; സിനിമ വയസ്സന്മാരുടേത് കൂടിയാവണമെന്ന് നടന്‍ മമ്മൂട്ടി

റോഷാക്ക് സിനിമാ പ്രചാരണവുമായി ദോഹയിലെത്തിയ നടന്‍ മമ്മൂട്ടി സംസാരിക്കുന്നു

‘റോഷാക്’ സിനിമ  വിശേഷങ്ങള്‍ പങ്കുവെക്കാനെത്തി താരം

കുട്ടികളെ ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

ദോഹ: സിനിമ ഒരു ഭ്രമമായി കൊണ്ടുനടക്കുന്ന 25 ശതമാനത്തോളമുള്ള യുവാക്കള്‍ അവയെ ഗൗരവതരമായി പിന്തുടരുന്നവരാണെന്നും ഒരു വീട്ടില്‍ 2 ചെറുപ്പക്കാരെങ്കിലും സിനിമാഭ്രാന്തന്മാരായി ഉണ്ടെന്നും പ്രമുഖ നടന്‍ മമ്മൂട്ടി. സൈകോ ത്രില്ലറായി പുറത്തിറങ്ങാനിരിക്കുന്ന ‘റോഷാക്’ എന്ന സിനിമയുടെ  വിശേഷങ്ങള്‍  ഖത്തറിലെ ചലച്ചിത്രാസ്വാദകരുമായി പങ്കുവെക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
”സമൂഹത്തിലെ 25 ശതമാനം യുവാക്കള്‍ക്കും സിനിമ വലിയൊരു ഭ്രമമാണ്. അവര്‍ ഗൗരമവമായി പിന്തുടരുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. കാഴ്ചക്കാരായും, സിനിമ പ്രവര്‍ത്തകരായും അതിനൊപ്പം ചേരാന്‍ ആഗ്രഹിച്ചുമെല്ലാം വലിയൊരു വിഭാഗം യുവാക്കള്‍ സിനിമയെ പിന്തുടരുന്നുണ്ട്. ഒരു വീട്ടിലെ യുവതീ യുവാക്കളില്‍ ചുരുങ്ങിയത് രണ്ടു പേരെങ്കിലും സിനിമാ ഭ്രാന്തന്മാരായുണ്ട്. തൊഴില്‍ എന്ന നിലയിലും സിനിമ ഇവരെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.” മമ്മൂട്ടി വിശദീകരിച്ചു. അതേസമയം, സിനിമ  ചെറുപ്പക്കാരുടെ മാത്രമായി മാറരുത്. മധ്യവസ്‌കനും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇഷ്ടപ്പെടാവുന്ന ഘടകങ്ങള്‍ സിനിമയില്‍ അടങ്ങിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ അരികും അറ്റവും മുറിയുമൊക്കെ മാത്രമേ പറയൂ എന്ന മുഖവുരവോടെയാണ് മമ്മൂട്ടി ‘റോഷാക്’ ഗ്ലോബല്‍  ലോഞ്ചിന്റെ ഭാഗമായി ആരാധകര്‍ക്ക് മുന്നിലെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെയും ചലച്ചിത്രാസ്വാദകരുടെയും ചോദ്യങ്ങളില്‍ നിന്ന് മെയ്‌വഴക്കത്തോടെ  ഒഴിഞ്ഞുമാറിയെങ്കിലും ചില കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രങ്ങളുടെ വേഷത്തില്‍ കലാപ്രകടനവുമായി കുട്ടികള്‍ വേദിയിലെത്തിയത് ആകര്‍ഷകമായി. ഈ കുട്ടികളെ ചേര്‍ത്തുനിര്‍ത്തി അവര്‍ക്കൊപ്പം ഫോട്ടോ എടുത്താണ് താരം മടങ്ങിയത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, റീജ്യണല്‍ ഡയറക്ടര്‍ റാഷിദ്, റീജ്യനല്‍ മാനേജര്‍ ആര്‍.ജെ സൂരജ് എന്നിവരും പങ്കെടുത്തു. റോഷാക്ക് ഒക്ടോബര്‍ ഏഴിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റീലീസ് ചെയ്യുമെന്നും എല്ലാവരും തിയേറ്ററുകളില്‍ നിന്ന് തന്നെ സിനിമ കാണണമെന്നും മമ്മുട്ടി ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൈഖ മയാസയുടെ ‘ദ പവര്‍ ഓഫ് കള്‍ച്ചര്‍’ ഹിന്ദിയുള്‍പ്പെടെ 5 ഭാഷകളില്‍; നവംബര്‍ 23-ന് പുറത്തിറങ്ങും

ആടിയും പാടിയും നാന്‍സി; ആഘോഷത്തിമര്‍പ്പില്‍ ആയിരങ്ങള്‍