
ദോഹ: കോവിഡ് പ്രതിസന്ധിയില്‍നിന്നും വ്യോമയാന വ്യവസായം വീണ്ടും കുതിച്ചുയരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍. തന്റെ രാജ്യത്തിന്റെ സംസ്‌കാരത്തെയും ആതിഥ്യമര്യാദയെയു പ്രതിഫലിപ്പിക്കുന്ന ഒരു എയര്‍ലൈന്‍ എന്നതിനാണ് ഏറ്റവുമധികം മുന്‍ഗണന നല്‍കുന്നതെന്ന് അല്‍ബാകിര്‍ പറഞ്ഞു. വ്യോമയാന വ്യവസായം വീണ്ടും തിരിച്ചെത്തുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വീക്ക്‌ലിക്കു നല്‍കിയ തല്‍സമയ അഭിമുഖത്തിലാണ് അല്‍ബാകിര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ആഗോള മഹാമാരിയെ അതിജീവിക്കാന്‍ എയര്‍ലൈന്‍ വ്യവസായത്തിന് കഴിയും. ഈ ഭയാനകമായ രോഗത്തെ നേരിടുന്നതില്‍ ശാസ്ത്ര സമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ വെളിച്ചത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ സൗഖ്യവും ആത്മവിശ്വാസവും ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നതിലൂടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (എച്ച്‌ഐഎ) ലഭ്യമാക്കുന്ന ആതിഥ്യം ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് സാധിക്കുമെന്നും അല്‍ബാകിര്‍ പറഞ്ഞു. വ്യോമയാന നില 2019ന്റെ സാഹചര്യത്തിലേക്ക് ഉടന്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാനില്ല. അടുത്ത മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്ക് 2019ലെ കണക്കുകളിലേക്ക് മടങ്ങിയെത്താന്‍ ഇന്നത്തെ നിലക്ക് സാധിക്കില്ല. ഈ കാലയളവില്‍ 2019ലെ നിലവാരത്തിലേക്ക് തിരിച്ചുപോയാല്‍ അത് ഒരത്ഭുതമായിരിക്കുമെന്നും അല്‍ബാകിര്‍ പറഞ്ഞു.
ജൂലൈ ഒന്നിന് നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ വിമാനത്താവളങ്ങള്‍ തുടര്‍ന്നും അടഞ്ഞുകിടക്കുന്നതും വ്യോമ യാത്രാനിയന്ത്രണങ്ങളും കാരണം പതിനൊന്നു കേന്ദ്രങ്ങളിലേക്ക് മാത്രമെ സര്‍വീസ് പുനരാരംഭിക്കാനായുള്ളു. ഈ കാലയളവില്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കവെ, യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്ന ആരോഗ്യസര്‍ട്ടിഫിക്കറ്റ് ലോകാരോഗ്യസംഘടന പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് അല്‍ബാകിര്‍ പറഞ്ഞു.