ദോഹ: അറബ് ലോകത്തും ഇന്ത്യയിലും ഇതിനകം ചർച്ച ചെയ്യപ്പെട്ട ആയിഷ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ ദോഹയിൽ. സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പ്രമുഖ നടി മഞ്ജു വാരിയർ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സംവിധായ കൻ ആമിർ പള്ളിക്കൽ, ആയിഷയുടെ നിർമാതാവ് പ്രമുഖ സംവിധായകനായ സക്കറിയ, തിരക്കഥ എഴുതിയ ആഷിഫ് കക്കോടി, സഹ നിർമാതാക്കളായ അഡ്വ.സകരിയ വാവാട്, ശംസുദ്ധീൻ എം. ടി എന്നിവരാണ് പ്രേക്ഷകരുമായി ആശയവിനിമയം നടത്താനും ചിത്രത്തിന്റെ പ്രചാരണത്തിനുമായി ഖത്തറിൽ എത്തിയത്. ഐബിസ് ഹോട്ടലിൽ 974 ഇവന്റസ് സംഘടിപ്പിച്ച ആശയവിനിമയ ചടങ്ങിൽ ദോഹയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവർത്തകരും പങ്കെടുത്തു. ഈ സിനിമ ഏറെ കഴിവുള്ള ഒരു ടീമിന്റെ സംയുക്ത പ്രവർത്തനം ആണെന്നും താനും അതിൽ പങ്കാളി ആവുക മാത്രമേ സംഭവിച്ചുള്ളൂ എന്നും അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു മറുപടി പറഞ്ഞു.
നല്ല സിനിമകൾ ചെയ്താലും പിന്നണി പ്രവർത്തകർ പ്രചാരണ പ്രവർത്തനത്തിന് ഇറങ്ങേണ്ടുന്ന സാഹചര്യമാണ് ഉള്ളതെന്ന് രചയിതാവ് ആഷിഫ് കക്കോടി പറഞ്ഞു. ഐബിസ് ഹോട്ടലിലെ ചടങ്ങിന് 974 ഇവന്റസ് പ്രതിനിധികളായ മഹ്‌റൂഫ്, റസ്സൽ പുത്തൻപള്ളി നേതൃത്വം നൽകി. മഞ്ജു മനോജ്, അക്കു അക്ബർഅലി അവതാരകർ ആയിരുന്നു.
ആയിഷയുടെ ജീവിത സാഹചര്യങ്ങളിലൂടെയുള്ള യാത്ര പ്രേക്ഷകർക്ക് മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന കാഴ്ചാനുഭവം ആണ് സമ്മാനിക്കുന്നത്.
പ്രേക്ഷക ഹൃദയത്തിൽ നിലമ്പൂർ ആയിഷയെന്ന നാടക പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ശക്തയായ സ്ത്രീ പിന്നീട് ജീവിതം തേടി സൗദി കൊട്ടാരത്തിൽ ഗദ്ദാമയായി എത്തുന്നിടത്ത് നിന്നാണ് ചലച്ചിത്രം പ്രേക്ഷക ഹൃദയത്തിൽ കൂടു കൂട്ടുന്നത്. സ്നേഹബന്ധങ്ങളുടെ ഹൃദയ സ്പർശിയായ കഥ പറയുന്ന ഈ സിനിമ മഞ്ജു വാര്യറുടെ അഭിനയ ജീവിതത്തിലെ മികവാർന്ന പ്രകടനങ്ങളിലൊന്നാണ്. സിറിയൻ നടി മോനയുടെ മാമ എന്ന കഥാപാത്രവും ഉജ്ജ്വലമായ അഭിനയമാണ് കാഴ്ചവെച്ചത്. പ്രഭുദേവയാണ് കോറിയോഗ്രാഫി.
വിഷ്ണു ശർമ്മ ക്യാമറ ചലിപ്പിച്ചു. അഭിനയിച്ച എല്ലാവരും ഏറെക്കുറെ പ്രാധാന്യത്തോടെ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്.