
അശ്റഫ് തൂണേരി
ദോഹ: ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗമുക്തി നേടിയ രാജ്യമായി ബഹ്റൈന്‍. ഇന്നലെ എട്ടു പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ 235 പേര്‍ക്ക് രോഗശമനമുണ്ടായതായി ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 4 മരണമുണ്ടായ
ബഹ്റൈനില്‍ ഇതേ വരെ രോഗികള്‍ 466 ആണ്.
അതിനിടെ കൊറോണ വൈറസ് ചികിത്സക്കായി ഹൈഡ്രോക്്സിക്ലോറോക്വിന്‍ ഉപയോഗിച്ച ആദ്യ രാജ്യങ്ങളിലൊന്ന് എന്ന സവിശേഷത കൂടി ബഹ്റൈനുണ്ട്. ഇക്കാര്യം ആരോഗ്യവകുപ്പ് ഉന്നതാധികാര സമിതി അധ്യക്ഷന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ.ശൈഖ് മുഹമ്മദ് അബ്ദുല്ല അല്‍ഖലീഫ ബഹ്റൈന്‍ ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 24ന് ബഹ്റൈനില്‍ ആദ്യ കോവിഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫെബ്രുവരി 26നാണ് രാജ്യം ആദ്യമായി ഈ മരുന്ന് ഉപയോഗിച്ചത്. ചൈനയിലും ദക്ഷിണ കൊറിയയിലും വിജയം കണ്ട ചികിത്സാ വ്യവസ്ഥകള്‍ക്കനുസൃതമായാണ് ഈ മരുന്നുകൂട്ട് നല്‍കിയതെന്നും ബഹ്റൈന്‍ വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധത്തിന് പറ്റുമെന്ന് തിരിച്ചറിഞ്ഞ ഹൈഡ്രോക്സിക്ലോറോക്വിന്‍ മനുഷ്യകോശങ്ങളെ വൈറസില്‍ നിന്ന് സംരക്ഷിച്ച് രോഗം ഭേദമാക്കാന്‍ ശേഷിയുള്ളവയെന്നാണ് ഗവേഷക പക്ഷം. സാര്‍സ് രോഗത്തിന് നേരത്തെ പരീക്ഷിച്ച് ഫലം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. അപകട സാധ്യതയുള്ള കോവിഡ് 19 കേസുകളില്‍ ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്(ഐസിഎംആര്‍) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരുന്നതായി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മലേറിയക്കുള്ള മരുന്നാണിത്. അതിനിടെ ഹൈഡ്രോ ക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെക്കുകയും ചെയ്തു.
അതേസമയം ഖത്തറില്‍ ഇന്നലെ രാത്രി പുറത്തുവന്ന കണക്കുപ്രകാരം 43 പേരാണ് രോഗമുക്തരായത്. രോഗികളുടെ എണ്ണം 562. മൊത്തം 14,845 പേരെ പരിശോധനാ വിധേയമാക്കിയപ്പോഴാണിത്. കുവൈത്തില്‍ 57 രോഗികള്‍ അസുഖം മാറിയവരായിട്ടുണ്ട്. 225 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 847 പേര്‍ രോഗം സംശയിക്കപ്പെടുന്നവരായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. യു എ ഇയില്‍ 55 പേര്‍ക്ക് രോഗശമനമുണ്ടായിട്ടുണ്ട്. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. 405 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 മരണമുണ്ടായ സഊദിഅറേബ്യയില്‍ 35 പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസം കണ്ടെത്തിയ 92 ഉള്‍പ്പെടെ 1,104 പേരിലേക്ക് രോഗം പടര്‍ന്നു. ഒമാനില്‍ 131 രോഗികളാണിപ്പോഴുള്ളത്. 23 പേര്‍ രോഗം മാറി ഡിസ്ചാര്‍ജ്ജായിട്ടുണ്ട്. 7,646 പേര്‍ സംശയത്തിന്റെ നിഴലിലാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.