Tuesday, July 7ESTD 1934

ബഹ്റൈനില്‍നിന്ന് കെ എം സി സിയുടെ രണ്ടാമത് ചാര്‍ട്ടര്‍ വിമാനം 17ന്

മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്റൈന്‍ കെ എം സി സി രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ജൂണ്‍ 17 ബുധനാഴ്ച്ച പുറപ്പെടും.
റിയാ ട്രാവല്‍സുമായി സഹകരിച്ചു ഗള്‍ഫ് എയറിന്റെ ജി എഫ് 7269 ബുധനാഴ്ച്ച അഞ്ച് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 174 യാത്രക്കാരുമായി കോഴിക്കോട്ടേക്കാണ് പോകുന്നത്.
വന്ദേ ഭാരത് മിഷന്‍ വഴി എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ പോകാന്‍ സാധിക്കു. കോവിഡ് ദുരിതത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, വിസിറ്റിങ് വിസയില്‍ വന്നവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയ ആയിരകണക്കിന് മലയാളികളാണ് ഇപ്പോഴും നാട്ടില്‍പോകാന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ കെ എം സി സി ചാര്‍ട്ടേഡ് വിമാന ദൗത്യവുമായി വന്നത് .
ജൂണ്‍ 9-ന് 169 യാത്രക്കാരുമായി ബഹ്റൈന്‍ കെ എം സി സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം പോയിരുന്നു. ജൂണ്‍ 17ന് കൂടാതെ ഒരു ചാര്‍ട്ടേഡ് വിമാനത്തിന്റെ കൂടി ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ജൂണ്‍ ഇരുപതിന് മുമ്പായി ഈ വിമാനത്തിന് പുറപ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കെ എം സി സി പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.

ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവര്‍ക്ക് കോവിഡ് പരിശോധന: തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എം.സി.സി
മനാമ: ഗള്‍ഫ് നാടുകളില്‍നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് പോകുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബഹ്റൈന്‍ കെ.എം.സി.സി. വന്ദേഭാരത് മിഷന്‍ നിബന്ധനകള്‍ പാലിച്ചാണ് കാരുണ്യ സംഘടനകളും മറ്റും ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍ നടത്തുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതും. ചാര്‍ട്ടേഡ് വിമാനത്തില്‍ പോകുന്നവര്‍ മാത്രം കൊവിഡ് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറയുന്നത് പ്രവാസി നാടണയുന്നതിന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.
ഈ മാസം 20ന് ശേഷം നാട്ടിലേക്ക് പോകുന്നവര്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇക്കാര്യം ഒരു ഗള്‍ഫ് നാടുകളിലും പ്രായോഗികമല്ലെന്ന കാര്യം മുഖ്യമന്ത്രി മനസിലാക്കണം. കോവിഡ് വ്യാപിക്കുന്നതിനാല്‍ വെറുതെ പരിശോധന നടത്താന്‍ ഒരു സര്‍ക്കാരും സന്നദ്ധരല്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ഇത്തരം പരിശോധനകള്‍ക്ക് ഭീമമായ തുകയാണ് ഈടാക്കുന്നത്. സൗജന്യ ടിക്കറ്റുകളിലും മറ്റ് സഹായത്താലുമാണ് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹത്തോടെ കാരുണ്യ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാന സര്‍വിസിലൂടെ തിരിച്ചുപോകുന്നത്. അതിനിടെയാണ് വീണ്ടും പ്രവാസി വിരുദ്ധ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നത്. ഓരോദിവസവും പ്രവാസികള്‍ക്കെതിരേ വഞ്ചനാപരമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

error: Content is protected !!