in

കോവിഡ് കാലത്തെ ബഹ്‌റൈന്‍ കെ.എം.സി.സി; ‘കരുതല്‍ സ്പര്‍ശം’ നൂറുദിനം പിന്നിടുന്നു

മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട വഴികള്‍ താണ്ടി ബഹ്‌റൈന്‍ കെ എം സി സി നൂറുദിനം പിന്നിടുന്നു. സര്‍ക്കാര്‍ അധികൃതരുടെ അകമഴിഞ്ഞ പിന്തുണയിലാണ് പ്രവാസികള്‍ക്കിടയില്‍ കരുതലിന്റെ പുതുഅധ്യായമാവാന്‍ സാധിച്ചതെന്ന് ബഹ്‌റൈന്‍ കെ എം സി സി പ്രസിഡന്റ് ഹബീബുര്‍റഹ്മാന്‍, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ട്രഷറര്‍ റസാഖ് മൂഴിക്കല്‍ എന്നിവര്‍ അറിയിച്ചു.  


മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദുരിതത്തിലകപ്പെട്ടവര്‍ക്ക് കൂടണയാന്‍ ചാര്‍ട്ടേഡ് വിമാനം പറപ്പിക്കിനായതിന്റെ അഭിമാനത്തിലാണ് ഈ കൂട്ടായ്മ. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ കെ.എം.സി.സി പ്രഥമ ചാര്‍ട്ടേഡ് വിമാനം 169 യാത്രക്കാരുമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നത് അഭിമാന നിമിഷമായി. അനുമതി കിട്ടിയ 3 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ കൂടി ഉടന്‍ പറക്കും.
വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിലും മറ്റുമായി പ്രവര്‍ത്തകര്‍ നല്‍കിയ സേവനവും മഹത്തരമാണ്. കെ.എം.സി.സി പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ബഹ്‌റൈന്‍ ഭരണകൂടവും രംഗത്തെത്തിയിരുന്നു.


ലേബര്‍ ക്യാമ്പുകളില്‍ കരുതല്‍  

കോവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ ബോധവത്കരണവുമായാണ് കെ.എം.സി.സി കരുതലിന് തുടക്കമിട്ടത്. വിവിധയിടങ്ങളിലെ ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിച്ച് ഓരോരുത്തരെയും രോഗത്തെക്കുറിച്ച് ് ബോധവാന്മാരാക്കുകയും മാസ്‌ക്കുകള്‍ ലഭ്യമാക്കുകയും ചെയ്തു. രണ്ടായിരത്തിലധികം മാസ്‌ക്കുകളാണ് വിതരണം ചെയ്തത്. 


ബ്രേക്ക് ദ ചെയിന്‍ 


മഹാമാരി വ്യാപനം തടയുന്നതിനായി ‘ബ്രേക്ക് ദ ചെയിന്‍’ കാംപയിന്‍ പ്രവാസികള്‍ക്കിടയിലും സ്വദേശികള്‍ക്കിടയിലും വ്യാപകമാക്കുന്നതിലും കെ.എം.സി.സി പ്രവര്‍ത്തനം സഹായകമായി. ബഹ്‌റൈനിന്റെ വിവിധയിടങ്ങളിലും നഗരങ്ങളിലും ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ സൗകര്യമാണ് സജ്ജീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍ കാംപയിന്‍ വിജയിപ്പിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.  


ഹെല്‍പ് ഡെസ്‌ക്  

പ്രവാസികള്‍ക്ക് വേണ്ട സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. ഓരോരുത്തരുടെയും കാര്യങ്ങള്‍ കേട്ടറിഞ്ഞ് സഹായങ്ങളെത്തിക്കുന്നതോടൊപ്പം ബഹ്‌റൈന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന പ്രവര്‍ത്തനമാണ് നടുന്നുവരുന്നത്.  


കാരുണ്യ സ്പര്‍ശം 
വിശപ്പകറ്റാന്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ ഇതുവരെ നാലായിരത്തിലധികം ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ജോലിക്കു പോകാന്‍ കഴിയാത്തതിനാലും ഷോപ്പുകളില്‍ കച്ചവടം ഇല്ലാത്തതിനാലും മറ്റു സാമ്പത്തിക ബാധ്യതകള്‍ക്ക് പുറമെ നിലവിലെ പ്രതികൂല സാഹചര്യം കൂടി വന്നപ്പോള്‍ ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കിറ്റുകളായും ഭക്ഷണമായും എത്തിച്ചുകൊടുക്കുക എന്ന അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് വിവിധ ജില്ല, ഏരിയ കെ.എം.സി.സി ഏറ്റെടുത്തത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, കെ.എച്ച്.കെ, ഇന്ത്യന്‍ എംബസി എന്നിവയുടേയും അഭ്യുദയകാംക്ഷികളുടേയും സഹകരണത്തോടെയാണ് പദ്ധതി. 

മെഡി ചെയിന്‍

മരുന്ന് ലഭിക്കാതെ പ്രയാസപ്പെടുന്നവര്‍ക്കായി നടപ്പിലാക്കിയ മെഡി ചെയിന്‍ പദ്ധതി ആശ്വാസമേകിയത് സ്ത്രീകളും വയോധികരുമടങ്ങിയ നിരവധി രോഗികള്‍ക്കാണ്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് നാട്ടില്‍നിന്നും മറ്റുമായാണ് മരുന്നെത്തിക്കുന്നത്. ഭീമമായ തുകക്ക് മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍, ജോലിയില്ലാത്തവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കും താമസിക്കുന്ന ബില്‍ഡിങ് ക്വാറന്റൈനിലായി പുറത്തുപോകാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ കാരുണ്യമേകുന്നു.

ജീവസ്പര്‍ശം കോവിഡ് കാലത്തും

11 വര്‍ഷത്തിലധികമായി നടത്തിവരുന്ന രക്തദാന പദ്ധതിയായ ജീവസ്പര്‍ശം കൊവിഡ് കാലത്തും സജീവമാക്കുന്നതില്‍ പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. നിയന്ത്രണങ്ങളുള്ളതിനാല്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ ബുദ്ധമുട്ടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം. സല്‍മാനിയ ഹോസ്പിറ്റലില്‍ നിന്നും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ 10 ദിവസത്തോളം തുടര്‍ച്ചയായി രക്തം നല്‍കി. ഇക്കാര്യത്തില്‍ ബഹ്‌റൈന്‍ ആരോഗ്യവകുപ്പ് ബ്ലഡ് ബാങ്ക് മേധാവി കെ.എം.സി.സിയെ പ്രത്യേകം അഭിനന്ദിക്കുയുണ്ടായി.

ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസം

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സമാശ്വാസം നല്‍കാനും വേണ്ട സഹായങ്ങളെത്തിക്കാനും കെ.എം.സി.സി പ്രത്യേക വിങ് സജ്ജമാണ്. വസ്ത്രങ്ങള്‍, മറ്റ് സാധന സാമഗ്രികകള്‍ തുടങ്ങിയവ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചു നല്‍കുന്നതോടൊപ്പം മാനസിക കരുത്ത് പകര്‍ന്ന് കരുതലാവുകയാണ് കെ.എം.സി.സി.

ഇഫ്താര്‍ കിറ്റുകള്‍, പെരുന്നാള്‍ വിഭവം

പള്ളികളിലെ സമൂഹ നോമ്പുതുറകളും മറ്റും ഇല്ലാതായപ്പോള്‍ ഓരോരുത്തര്‍ക്കും ഇഫ്താര്‍ കിറ്റുകളെത്തിച്ചു.
ദിവസവും ആറായിരത്തിലധികം ദുരിതമനുഭവിക്കുന്നവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകളെത്തിച്ചത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ഒന്നര ലക്ഷത്തോളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. ചെറിയ പെരുന്നാല്‍ ദിനത്തില്‍ ബഹ്‌റൈനിന്റെ വിവിധയിടങ്ങളില്‍ കഴിയുന്ന 9000 ഓളം പേര്‍ക്കാണ് സ്‌നേഹ സന്ദേശം പകര്‍ന്ന് ഭക്ഷണക്കിറ്റ് വിതരണം ചെയ്തത്. കുടിവെള്ളം ലഭിക്കാത്തവര്‍ക്ക് സൗജന്യമായി കുടിവെള്ളമെത്തിക്കാനും മുന്‍പന്തിയിലുണ്ട്.

24 മണിക്കൂര്‍ സന്നദ്ധ സേവകര്‍ 

മാര്‍ഗ നിര്‍ദേശങ്ങളെത്തിക്കാനും സഹായം നല്‍കാനും സ്വന്തം ജീവന്‍ പോലും വകവെക്കാതെ 24 മണിക്കൂറും സജ്ജരായ 500 വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. ഭക്ഷ്യ കിറ്റുകള്‍, മരുന്നുകള്‍, കുടിവെള്ളം, ബോധവത്കരണം എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങളില്‍ അവര്‍ നിരതരാണ്.

കാരുണ്യ യാത്ര ടിക്കറ്റ് പദ്ധതി

നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന സാമ്പത്തിക പരാധീനതയുള്ള ഗര്‍ഭിണികള്‍ ഉള്‍പ്പടെ രോഗികള്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും മറ്റു അര്‍ഹരായ പ്രവാസികള്‍ക്കും ‘കാരുണ്യ യാത്ര’ പദ്ധതി മുഖേന വിമാന ടിക്കറ്റുകള്‍ നല്‍കിവരുന്നു. 15 ടിക്കറ്റുകള്‍ ഇതിനകം കൈമാറി.

ഓണ്‍ലൈന്‍ ചിത്രരചന 

ലോക്ക് സൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്ന കുട്ടികളെ കൊവിഡ് ഭീതിയകറ്റി ക്രിയാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം (വരയും വര്‍ണവും) ശ്രദ്ധേയമായി. മൂന്നു കാറ്റഗറിയിലായി സംഘടിപ്പിച്ച മത്സരത്തില്‍ ബഹ്‌റൈനില്‍നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി നൂറോളം കുട്ടികളാണ് പങ്കെടുത്തത്. പല തരം പ്രവര്‍ത്തനങ്ങളിലൂടെ നൂറുദിനം പിന്നിടുമ്പോള്‍ അഭിമാന മുഹൂര്‍ത്തത്തിലാണ് ബഹ്‌റൈന്‍ കെ എം സി സി നേതാക്കളും പ്രവര്‍ത്തകരും. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ജൂണ്‍ 10) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

പ്രവാസികളുടെ തിരിച്ചുപോക്ക്: ഇന്ത്യയിലേക്ക് മടങ്ങിയത് 5151 പേര്‍