
മനാമ: കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ നോര്‍ക്ക പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന രീതി സുതാര്യമാക്കണമെന്നും പ്രവാസി പക്ഷത്ത് നിലകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ബഹ്റൈന്‍ കെ എം സി സി ആവശ്യപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയവര്ക്കുമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഗള്‍ഫ് നാടുകളില്‍ കോവിഡ് മൂലം പ്രയാസം നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് ഒരു വശത്തുള്ളത്. കെ എം സി സി പോലുള്ള സംഘടനകളാണ് പ്രവാസികളുടെ ഏക ആശ്വാസം.
കേരള സര്‍ക്കാരിന്റെ നോര്‍ക്കയും പ്രവാസികളെ ബുദ്ധിമുട്ടിക്കുകകയാണ്. ധനസഹായം കിട്ടണമെങ്കില്‍ പാസ്പോര്‍ട്ട് കൂടാതെ മടക്ക ടിക്കറ്റിന്റേയും ബാങ്ക് പാസ്ബുക്കിന്റേയും പകര്‍പ്പും അപേക്ഷയോടൊപ്പം സമര്പ്പിക്കണമത്രെ. സ്വന്തമായി ബാങ്ക് എക്കൗണ്ട് (എന്‍ ആര് ഒ അല്ലെങ്കില്‍ എസ് ബി) ഇല്ലാത്തവര്‍ക്ക് അപേക്ഷിക്കാനാവില്ല. വലിയൊരു വിഭാഗം പ്രവാസികള്‍ ഇതോടെ സഹായം കിട്ടാതെ വരികയാണ്. ജോലിയും വരുമാനവും നഷ്ടപ്പെട്ട് നാട്ടില്‍ കഴിയുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സഹായം ആശ്വാസമാകുമായിരുന്നു. പ്രവാസികളെ സഹായിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇത്തരം അനാവശ്യ കടമ്പകള്‍ ഒഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും നോര്‍ക്ക വെബ്സൈറ്റ് കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും കെ എം സി സി ഭാരവാഹികള്‍ വ്യക്തമാക്കി. ഒരാഴ്ച മാത്രം ബാക്കിയായിരിക്കെ ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരമുണ്ടാവണമെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ധനസഹായം സുതാര്യമാക്കണമെന്നും ബഹ്റൈന്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹബീബുര്റഹ്മാന്, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.