in ,

ഹൈജമ്പ് സ്വര്‍ണം പങ്കുവെക്കാനുള്ള തീരുമാനം; ബര്‍ഷിമിനും ടംബേരിക്കും കയ്യടിച്ച് കായികലോകം

ദോഹ: ടോക്കിയോ ഒളിമ്പിക്സ് ഹൈജമ്പ് ഫൈനലില്‍ ഖത്തറിന്റെ മുതാസ് ബര്‍ഷിമിന്റെയും ഇറ്റലിയുടെ ജിയാന്‍ മാര്‍കോ ടംബേരിയുടെയും സ്പോര്‍ട്സ്മാന്‍ഷിപ്പിന് കയ്യടിച്ച് കായികലോകം. ഇരുതാരങ്ങളും മത്സരത്തിന്റെ തുടക്കംമുതല്‍ ഒരുപിഴവുപോലും വരുത്താതെയാണ് 2.37 മീറ്റര്‍ ഉയരം മറികടന്നത്. രണ്ടുപേരും ഒന്നാമത്തെത്തിയതോടെ സ്വര്‍ണമെഡല്‍ പങ്കുവെക്കുകയോ ജമ്പ്ഓഫിലൂടെ വിജയിയെ നിര്‍ണയിക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായി. എന്നാല്‍ ജമ്പ്ഓഫിലേക്ക് പോകാതെ സ്വര്‍ണം പങ്കുവെക്കാന്‍ രണ്ടുപേരും സമ്മതിക്കുകയായിരുന്നു. രണ്ടുപേരും 2.37 മീറ്റര്‍ ചാടിയശേഷം 2.39 മീറ്റര്‍ ചാടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ജമ്പ്ഓഫിലേക്ക് പോകാമെന്ന് ഒളിമ്പിക് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. രണ്ടു സ്വര്‍ണം ലഭിക്കുമോയെന്നായിരുന്നു ബര്‍ഷിം അദ്ദേഹത്തോടു ചോദിച്ചത്. അതെയെന്ന് മറുപടി ലഭിച്ചതോടെ ടംബേരിയും ബര്‍ഷിമും ആശ്ലേഷിച്ചപ്പോള്‍ കായികലോകം ഒന്നാകെയാണ് ആ മനോഹരമുഹൂര്‍ത്തത്തെ വരവേറ്റത്. ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നായിരുന്നു കായിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്. സാമൂഹികമാധ്യമങ്ങളിലുള്‍പ്പടെ ടംബേരിക്കും ബര്‍ഷിമിനും അഭിനന്ദനപ്രവാഹമാണ്. അവിശ്വസനീയമായ നിമിഷം. കായികരംഗത്തെ ഏറ്റവുംമികച്ച രണ്ടുപേര്‍ സ്വര്‍ണം പങ്കുവെക്കുന്നു- ബ്രിട്ടീഷ് അത്‌ലറ്റ് എലിഷ് മകോള്‍ഗന്‍ ട്വീറ്റ് ചെയ്തു. ഞാന്‍ കരയുന്നില്ല, നിങ്ങളാണ് കരയുന്നത്- ബ്രിട്ടീഷ് ഹൈജമ്പര്‍ എമിലി ബോര്‍ത്ത്വിക് പറഞ്ഞു. ഹൈജമ്പിങിലെ മനോഹരമായ നിമിഷം- അത്‌ലറ്റിക്‌സ് പെര്‍ഫോമന്‍സ് കോച്ച് സ്റ്റീവ് മാഗ്നസ് ട്വീറ്റ് ചെയ്തു. സ്്പോര്‍ട്സ്മാന്‍ഷിപ്പിന്റെ ഉദാത്തമാതൃകയാണെന്നാണ് കായികപ്രേമികള്‍ അഭിപ്രായപ്പെട്ടത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ഏക്കാലവും ഓര്‍മിക്കപ്പെടുന്ന അപൂര്‍വ നിമിഷങ്ങളാണിതെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചത്. അക്ഷരാര്‍ഥത്തില്‍ ഹൈജമ്പ് മത്സരം നാടകീയമായിട്ടായിരുന്നു പൂര്‍ത്തിയായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സ്വര്‍ണത്തിലേക്ക് പറന്നുയര്‍ന്ന് ബര്‍ഷിം; ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം

അഷ്റഫിന് ഖത്തർ കെ എം സി സി ആദരം