ആര്.റിന്‍സ്
ദോഹ
ലണ്ടനിലെ വെങ്കലവും റിയോയിലെ വെള്ളിയും ടോക്കിയോയില്‍ സ്വര്‍ണമാക്കി ഉയര്‍ത്തി ഖത്തറിന്റെ ഹൈജമ്പ് ലോകചാമ്പ്യന് മുതാസ് ബര്‍ഷിം. സമീപകാല ഒളിമ്പിക്സ് ഹൈജമ്പ് മത്സര ചരിത്രത്തിലെ അവിസ്മരണീയമായ ആവേശപ്പോരാട്ടത്തില്‍ 2.37 മീറ്റര്‍ ഉയരം മറികടന്നാണ് മുതാസ് ബര്‍ഷിം ടോക്കിയോയില്‍ ഖത്തറിന്റെ രണ്ടാംസ്വര്‍ണം നേടിയത്. രണ്ടു സ്വര്‍ണവുമായി ഖത്തര്‍ മെഡല്‍പട്ടികയില്‍ 21-ാം സ്ഥാനത്തേക്കുയര്‍ന്നു. സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ബര്‍ഷിം സ്വര്‍ണം നേടിയത്. 2.24 മീറ്റര്‍ മുതല്‍ 2.37 മീറ്റര്‍ വരെ ഒരുതവണ പോലും പിഴവ് വരുത്താതെയാണ് ബര്‍ഷിം സ്വര്‍ണത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഇതേപ്രകടനം ആവര്‍ത്തിച്ച ഇറ്റലിയുടെ ജിയാന്മാര്കോ ടംബേരിയും സ്വര്‍ണം നേടി. ജംപ് ഓഫീലേക്ക് പോകുന്നതിനു പകരം സ്വര്‍ണമെഡല്‍ പങ്കുവെക്കാമെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു. ഫൈനല്‍ പോരാട്ടത്തിന്റെ തുടക്കം മുതല്‍ ഖത്തരി ഇറ്റാലിയന്‍ താരങ്ങള്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. രണ്ടു ദേശീയ റെക്കോര്‍ഡുകളും നാലു മികച്ച വ്യക്തിഗത പ്രകടനങ്ങളുമുണ്ടായി എന്നതില്‍ നിന്നുതന്നെ മത്സരം എത്രത്തോളം ആവേശകരമായിരുന്നുവെന്ന് വ്യക്തമാണ്. ബെലാറസിന്റെ മാക്സിം നെദസേകുവിനാണ് വെങ്കലം. ബെലാറസ് താരം 2.37 മീറ്റര്‍ ഉയരം ആദ്യശ്രമത്തില്‍തന്നെ മറികടന്നെങ്കിലും ആദ്യം 2.19 മീറ്ററിലും പിന്നീ്ട് 2.35 മീറ്ററിലും പിഴവുവരുത്തിയതാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന് കാരണം. സമീപകാല ഒളിമ്പിക്സില്‍ ഇതാദ്യമായാണ് ഹൈജമ്പില്‍ രണ്ടു സ്വര്‍ണമെഡല്‍ ജേതാക്കളുണ്ടാകുന്നത്. 2.39 മീറ്റര്‍ ഉയരം മറികടക്കാനുള്ള ബര്‍ഷിമിന്റെയും തിംബേരിയുടെയും മൂന്നു ശ്രമങ്ങളും പാഴായി. വിസ്മയ പ്രകടനമായിരുന്നു ടോക്കിയോയിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ബര്‍ഷിം പുറത്തെടുത്തത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലവും 2016 റിയോ ഒളിമ്പിക്സില്‍ വെള്ളിയും നേടിയ ബര്‍ഷിം ടോക്കിയോയിലെ സ്വര്‍ണത്തോടെ ഒളിമ്പിക്സിലെ ഹാട്രിക് മെഡല്‍ നേട്ടവും സ്വന്തം പേരിലാക്കി. ഹൈജമ്പില്‍ മൂന്നു ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന താരമെന്ന അപൂര്‍വ നേട്ടവും ഖത്തറിന്റെ ഈ മുപ്പതുകാരന് സ്വന്തം. ബര്‍ഷിമിന്റെ വിസ്മയപ്രകടനം നേരിട്ടുകാണാന്‍ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരശേഷം ശൈഖ് ജുആനെ സ്നേഹാലിംഗനം ചെയ്താണ് ബര്‍ഷിം വിജയം ആഘോഷിച്ചത്. കഴിഞ്ഞദിവസം ഭാരദ്വഹനം 96 കിലോഗ്രാം വിഭാഗത്തില്‍ ഫാരിസ് ഇബ്രാഹിം ഒളിമ്പിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഹൈജമ്പില്‍ യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് എയില്‍ പതിനാറ് താരങ്ങള്‍ക്കൊപ്പം മത്സരിച്ച ബര്‍ഷിം ഗ്രൂപ്പ് ജേതാവായി വെല്ലുവിളികളില്ലാതെയാണ്് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ 2.28 മീറ്റര്‍ ഉയരം ആദ്യശ്രമത്തില്‍ തന്നെ ബര്‍ഷിം മറികടന്നിരുന്നു. രണ്ടുതവണ ലോകചാമ്പ്യനായ ബര്‍ഷിം ടോക്കിയോയിലും അത്ഭുതമായി. ഈ ദശകത്തിലെ ഏറ്റവും മികച്ച ഹൈജമ്പര്‍ എന്നു കണക്കാക്കപ്പെടുന്ന ബര്‍ഷിം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടോക്കിയോയില്‍ മത്സരിക്കാനിറങ്ങിയത്. 2011ന് ശേഷം 11 തവണയാണ് ബര്‍ഷിം 2.40 മീറ്റര്‍ ഉയരം മറികടന്നത്. ക്യൂബയുടെ ലോകറെക്കോര്‍ഡ് ജേതാവ് സാവിയര്‍ സോട്ടോമയര്‍ 17 തവണ ഈ ഉയരം മറികടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ രണ്ടാമതാണ് ബര്‍ഷിം. പരിക്കില്‍ നിന്നും ശക്തമായി തിരിച്ചുവന്നാണ് ബര്‍ഷിം 2019ല്‍ ദോഹയില്‍ ലോകചാമ്പ്യന് പട്ടം നിലനിര്‍ത്തിയത്. ഹൈജമ്പില്‍ തുടര്‍ച്ചയായ രണ്ടു ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിക്കുന്ന ആദ്യതാരംകൂടിയായിരുന്നു അദ്ദേഹം. 2014ല്‍ ബ്രസല്‍സിലെ ഡയമണ്ട്ലീഗില്‍ 2.43 ഉയരം മറികടന്നതാണ് ബര്‍ഷിമിന്റെ ഏറ്റവും മികച്ച പ്രകടനം.ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഉയരമാണിത്. ഇന്‍ഡോറില്‍ 2015ല്‍ 2.41 മീറ്റര്‍ മറികടന്നിരുന്നു. ലണ്ടന്‍ ഒളിമ്പിക്സില്‍ 2.29 മീറ്റര്‍ ഉയരമാണ് ബര്‍ഷിം മറികടന്നത്. റിയോ ഒളിമ്പിക്സില്‍ 2.36 മീറ്റര്‍ ഉയരവും. 2017ലെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 2.35 മീറ്ററും 2019ലെ ദോഹ ലോകചാമ്പ്യന്‍ഷിപ്പില്‍ 2.37 മീറ്ററും മറികടന്നാണ് ബര്‍ഷിം ലോകചാമ്പ്യന്‍പട്ടം നേടിയത്.