in

ബയേണ്‍ മ്യൂണിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ്  ജേതാക്കള്‍

ദോഹ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ജര്‍മ്മനിയുടെ ബയേണ്‍ മ്യൂണിച്ച് ഫിഫ ക്ലബ്ബ് ലോകകപ്പ് ജേതാക്കളായി. ഫിഫ ലോകകപ്പ് വേദിയായ എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി നടന്ന കലാശപ്പോരാട്ടത്തില്‍ മെക്‌സിക്കോയുടെ ടൈഗ്രസ് യുഎഎന്‍എല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടം നേടിയത്. 59-ാം മിനുട്ടില്‍ ബെഞ്ചമിന്‍ പവാര്‍ഡാണ് ബയേണിന്റെ വിജയഗോള്‍ സ്‌കോര്‍ ചെയ്തത്.

മത്സരത്തില്‍ ബയേണിന്റെ പൂര്‍ണ ആധിപത്യമായിരുന്നു. 56 ശതമാനം സമയത്തും പന്ത് ബയേണ്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 17 ഷോട്ടുകള്‍ ബയേണ്‍ പായിച്ചതില്‍ എട്ടെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നുവെങ്കിലും ഒരെണ്ണം മാത്രമാണ് വലയിലെത്തിയത്. മറുവശത്ത് ടൈഗ്രസിന് മൂന്നു ഷോട്ടുകള്‍ പായിക്കാനെ കഴിഞ്ഞുള്ളു. ഒന്നുപോലും ഫലം കണ്ടില്ല.  ഈ സീസണില്‍ ബയേണിന്റെ ആറാം കിരീടമാണിത്. ക്ലബ്ബ് ലോകകപ്പില്‍ ഇതു രണ്ടാം തവണയാണ് ബയേണ്‍ മുത്തമിടുന്നത്. നേരത്തെ  2013ലായിരുന്നു ബയേണ്‍ ഫിഫ ക്ലബ്ബ് ലോകകപ്പ് ജേതാക്കളായത്.  

യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ സെമിയിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ കോണ്‍കകാഫ് ടീമായിരുന്നു ടൈഗ്രസ്. ഈജിപ്ഷ്യന്‍ ക്ലബ്ബായ അല്‍അഹ്‌ലി മൂന്നാംസ്ഥാനം നേടി. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലിന്റെ പാല്‍മിറാസിനെ പെനാലിറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ്  അഹ്‌ലി മൂന്നാം സ്ഥാനം നേടിയത്.

 നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളുകള്‍ സ്‌കോര്‍ ചെയ്യാനായില്ല. മത്സരം തുല്യത പാലിച്ചതോടെയാണ് പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അഹ്‌ലിയുടെ  മൂന്നു കിക്കുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ പാല്‍മിറാസിന്റെ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. സെമിഫൈനലില്‍ അല്‍അഹ്‌ലി ബയേണ്‍ മ്യൂണിച്ചിനോടും പാല്‍മിറാസ് മെക്‌സിക്കോയുടെ ടൈഗ്രസ് യുഎഎന്‍എല്ലിനോടുമാണ് തോറ്റത്.

പാല്‍മിറാസിനെതിരായ മത്സരത്തിനു മുന്‍പായി രണ്ട് കളിക്കാരെ അല്‍അഹ്‌ലി ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കോവിഡ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മഹമൂദ് കഹ്റബ, ഹുസൈന്‍ അല്‍ഷാഹത്ത് എന്നിവരെയാണ് ഒഴിവാക്കിയത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മത്സരങ്ങള്‍. ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ, വിവിധ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ മേധാവിമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ ക്യാമ്പ് നാളെ ഏഷ്യന്‍ ടൗണില്‍

ബയേണ്‍ താരം തോമസ് മുള്ളര്‍ക്ക് കോവിഡ്