
ദോഹ: കോര്‍ണീഷിനും എ റിങ് റോഡിനുമിടയില്‍ ആറു പ്രധാന സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തില്‍ ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ദോഹ കേന്ദ്ര വികസന, സൗന്ദര്യവത്കരണ പദ്ധതികളുടെ രണ്ടും മൂന്നും പാക്കേജുകളുടെ ഭാഗമായാണ് കോര്‍ണീഷിനും എ റിങ് റോഡിനുമിടയില്‍ ആറു മേഖലകള്‍ സൗന്ദര്യവല്‍ക്കരിക്കുന്നത്. ഏഴു പ്രധാന സ്ട്രീറ്റുകള്‍ വികസിപ്പിക്കും.
അടിസ്ഥാന സൗകര്യവികസനം, പ്ലാസകളുടെ നിര്‍മ്മാണം, കാല്‍നടപ്പാതകള്‍, സൈക്കിള്‍ പാതകള്‍, തെരുവ് വിളക്കുകളുടെ ശൃംഖല സ്ഥാപിക്കല്‍, പുതിയ ട്രാഫിക് സിഗ്‌നലുകള്‍, റോഡ് അടയാളങ്ങള്‍ സ്ഥാപിക്കല്‍, കാല്‍നട ക്രോസിങുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണെന്ന് ദോഹ കേന്ദ്ര വികസന പദ്ധതികളുടെ അസിസ്റ്റന്റ് മാനേജര്‍ എന്‍ജിനിയര്‍ ഹസ്സന്‍ അല്‍ഗാനിം പറഞ്ഞു. ദോഹ കേന്ദ്ര വികസന, സൗന്ദര്യവത്കരണ പദ്ധതികളുടെ എല്ലാ ജോലികളും 2022ന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാകും. ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടിന് എതിര്‍വശത്തുള്ള പ്രദേശങ്ങളും വികസിപ്പിക്കുന്നതാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് രണ്ടാം പാക്കേജിന്റെ പ്രോജക്ട് മാനേജര്‍ എന്‍ജിനിയര്‍ അഹമ്മദ് അലി അല്‍ഇമാദി പറഞ്ഞു. 4.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മൂന്ന് ഭാഗങ്ങളായി രണ്ടാംപാക്കേജിലെ പ്രവര്‍ത്തികളെ തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പ്രധാന സ്ട്രീറ്റുകളും ആഭ്യന്തര അയല്‍പ്രദേശങ്ങളും വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യും.
8.5 കിലോമീറ്റര്‍ ഉപരിതല വാട്ടര്‍ ഡ്രെയിനേജ് ശൃംഖല, 4.7 കിലോമീറ്റര്‍ മലിനജല ശൃംഖല, 6.8 കിലോമീറ്റര്‍ വൈദ്യുതി ശൃംഖല എന്നിവ വികസിപ്പിക്കുകയെന്നതാണ് ഈ പാക്കേജിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍. 329 അലങ്കാര തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍, 10,000 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങളില്‍ 1,400 മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, 22.6 കിലോമീറ്റര്‍ നീളത്തില്‍ കാല്‍നട, സൈക്ലിംഗ് പാതകളുടെ നിര്‍മ്മാണം എന്നിവയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. മൂന്നാമത്തെ പാക്കേജില്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റിന് ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനം ഉള്‍പ്പെടുന്നുവെന്ന് പ്രോജക്ട് മാനേജര്‍ അലി മുഹമ്മദ് അല്‍ദാര്‍വിഷ് വ്യക്തമാക്കി. 8.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശം മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍. ഈ പ്രദേശങ്ങളിലെ പ്രധാന സ്ട്രീറ്റുകളും ഉള്‍പ്രദേശങ്ങളും വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യും. കൂടാതെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും.
ഇതിനു പുറമേ 10.2 കിലോമീറ്റര്‍ ഉപരിതല ജല മലിനജല ശൃംഖല, 11.2 കിലോമീറ്റര്‍ മലിനജല ഡ്രെയിനേജ് ശൃംഖല, 4.7 കിലോമീറ്റര്‍ വൈദ്യുതി ശൃംഖല എന്നിവയും വികസിപ്പിക്കും. 515 അലങ്കാര മിന്നല്‍ത്തൂണുകള്‍ സ്ഥാപിക്കല്‍, 30,000 ചതുരശ്രമീറ്റര്‍ ഹരിത പ്രദേശങ്ങളില്‍ ഏകദേശം 3250 മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, 35.3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാല്‍നട, സൈക്ലിങ് പാതകളുടെ നിര്‍മാണം എന്നിവയും മൂന്നാം പാക്കേജിന്റെ ഭാഗമാണ്. എല്ലാ പ്രധാന സ്ട്രീറ്റുകളും ഗ്രാനൈറ്റ് കൊണ്ട് മൂടും.
ഈ മേഖലക്ക് സവിശേഷമായ രൂപഭംഗി പ്രദാനം ചെയ്യുകയെന്നതാണ് ലക്ഷ്യം. ഗ്രാനൈറ്റ് മൂടുന്നതിലൂടെ ഭാവിയില്‍ വാഹനങ്ങള്‍ക്കായി തെരുവ് പൂര്‍ണ്ണമായും അടയ്ക്കാനും ആഘോഷങ്ങളിലും പ്രത്യേക അവസരങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് മാത്രം തുറക്കാനും കഴിയും.