in

ലഭിച്ചത് ഏറ്റവും മികച്ച പരിചരണമെന്ന് കോവിഡ് മുക്തരായ ഖത്തരികള്‍

ദോഹ: ഖത്തറില്‍ ലഭിച്ചത് ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണെന്ന് കോവിഡ് മുക്തരായ ഖത്തരികള്‍. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നും ലഭിച്ചത് സമാനതകളില്ലാത്ത പരിചരണമാണെന്ന് രോഗമുക്തരായ ഖത്തരികളായ ഐഷാ സഖറും ആദെല്‍ അല്‍ഹരാമിയും പറഞ്ഞു. ഖത്തര്‍ ടെലിവിഷനോടു തങ്ങളുടെ കോവിഡ് രോഗ ചികിത്സാ അനുഭവങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഇരുവരും. ക്വാറന്റൈന്‍ സൗകര്യങ്ങളില്‍ കഴിഞ്ഞതുമുതല്‍ രോഗം സ്ഥിരീകരിച്ചശേഷം ചികിത്സാ പ്രക്രിയ്യ വരെ ഉന്നതമായ പരിചരണമാണ് ലഭിച്ചത്. താന്‍ വിദേശത്തായിരിക്കവെയാണ് രോഗബാധിതയായതെന്ന് ഐഷ സഖര്‍ പറഞ്ഞു. അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് സഖര്‍ യുകെയിലേക്ക് പോയത്. ഇത് അവരുടെ രോഗ പ്രതിരോധശേഷി കൂടുതല്‍ ദുര്‍ബലമാക്കി. ആവശ്യമായ എല്ലാ പ്രതിരോധ മുന്‍കരുതല്‍ നടപടികളും താന്‍ സ്വീകരിച്ചിരുന്നതായി സഖര്‍ പറഞ്ഞു. എങ്കിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ മടങ്ങിയെത്തിയശേഷമുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ താന്‍ ഞെട്ടിപ്പോയതായി അവര്‍ പറഞ്ഞു. ചികിത്സക്കും ഐസൊലേഷനുമായി മക്കളില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്.
തനിക്ക് ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും ലഭിച്ചതായും കോവിഡ് -19 ല്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ സഹായിച്ചതായും തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. മറ്റുള്ളവരില്‍ നിന്നും വേണ്ടത്ര ശാരീരിക അകലം പാലിക്കണമെന്നും ഉപരിതലങ്ങളില്‍ സ്പര്‍ശിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി. അണുബാധയെ പ്രതിരോധിക്കുന്നതിനായി കഴിയുന്നത്ര വീടുകളില്‍ തന്നെ തുടരണം. അത്യാവശ്യമെങ്കില്‍ മാത്രമെ വീടുകളില്‍ നിന്നും പുറത്തിറങ്ങാവൂ. കോവിഡ് രോഗമുണ്ടെന്നറിയാതെ 20 ദിവസത്തോളം താന്‍ ചെലവഴിച്ചതായും മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യത ഇതിലൂടെ വര്‍ധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആദെല്‍ അല്‍ഹരാമിക്കും യുകെയില്‍ വെച്ചാണ് കോവിഡ് രോഗബാധയുണ്ടായത്. രോഗികളെ സുഖപ്പെടുത്താന്‍ രാജ്യത്തെ മെഡിക്കല്‍ ജീവനക്കാര്‍ വളരെയധികം പരിശ്രമിക്കുകയാണ്. പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന നടപടികള്‍ എല്ലാവരും പാലിക്കണമെന്നും ജാഗ്രതയോടെയാണ് കാര്യങ്ങളെ സമീപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ നിവാസികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ളതും കാര്യക്ഷമവുമായ പരിചരണത്തെയും അദ്ദേഹം പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എസ്എസ്‌സി പരീക്ഷകള്‍ ഇന്ന് മുതല്‍: കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍

ഖത്തറില്‍ രണ്ടു കോവിഡ് മരണം കൂടി; 1523 പുതിയ രോഗികള്‍