in

ഏഷ്യയിലെ മികച്ച സ്‌റ്റേഡിയങ്ങളിലൊന്നായി ഖലീഫ രാജ്യാന്തര സ്റ്റേഡിയം

ദോഹ: 2022ലെ ഫിഫ ലോകകപ്പിനായി സജ്ജമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തെ ഏഷ്യയിലെ ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിലൊന്നായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) തെരഞ്ഞെടുത്തു. ഫിഫ ലോകകപ്പിനായി ഖത്തറില്‍ തയാറായ ആദ്യത്തെ സ്റ്റേഡിയമാണിത്. വിപുലമായ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് സ്റ്റേഡിയം സജ്ജമായതെന്ന് എഎഫ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദോഹ സ്പോര്‍ട്സ് കോംപ്ലക്സിനുള്ളില്‍ സ്ഥിതിചെയ്യുന്ന 40,000 ഇരിപ്പട ശേഷിയുള്ള സുസ്ഥിര രീതിയില്‍ വികസിപ്പിച്ചിരിക്കുന്ന സ്റ്റേഡിയത്തില്‍ എല്ലാ ഇരിപ്പിട സ്ഥലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മേല്‍ക്കൂര. പുതുതലമുറ ശീതീകരണ സങ്കേതമാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. അധിക സീറ്റുകള്‍ക്കു പുറമെ റൂഫ് കവര്‍, നൂതന ശീതീകരണ സാങ്കേതികസംവിധാനം, സ്‌പോര്‍ട്‌സ് മ്യൂസിയം, പുതിയ ടിക്കറ്റിങ് സംവിധാനം, സമഗ്രവും ക്രിയാത്മകവുമായ സുരക്ഷാ സംവിധാനം എന്നിവയുള്‍പ്പടെയുള്ള പുതിയ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്നത്.
ഫിഫയുടെ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും അനുസരിച്ചാണ് ശീതീകരണ സംവിധാനം ഉപയോഗിച്ചിരിക്കുന്നത്. ഫിഫ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വേനലില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യല്‍സിന്റെ മുകളില്‍ പോകാന്‍ പാടില്ല. അക്കാര്യം കര്‍ശനമായി പാലിച്ചിട്ടുണ്ട്. അതിനേക്കാള്‍ കുറഞ്ഞ താപനിലനിലനിര്‍ത്താനുള്ള സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്. പിച്ച് വശത്തെ താപനില 26 ഡിഗ്രി സെല്‍ഷ്യല്‍സില്‍ തുടരും. താപനില 24 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയായി നിലനിര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങളുണ്ട്.
1976 ല്‍ അല്‍ റയ്യാനിലാണ് ഖലീഫ സ്റ്റേഡിയം നിര്‍മിച്ചത്. 1992ല്‍ അറബ്യേന്‍ ഗള്‍ഫ് കപ്പില്‍ ഖത്തര്‍ കിരീടമുയര്‍ത്തിയത് ഈ സ്റ്റേഡിയത്തിലായിരുന്നു. തുടര്‍ന്ന് 2006ലെ ഏഷ്യന്‍ ഗെയിംസിനായി 2005ല്‍ വലിയതോതില്‍ നവീകരിച്ചിരുന്നു. ബ്രസീല്‍- ഇംഗ്ലണ്ട്, ബ്രസീല്‍- അര്‍ജന്റീന രാജ്യാന്തര സൗഹൃദ മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ നടന്നിരുന്നു. ലോകപ്പിനായി ഫിഫയുടെ മാനദണ്ഡങ്ങളും നിലവാരവും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കേണ്ടതിന്റെ ഭാഗമായാണ് സ്റ്റേഡിയം പൊളിച്ചുമാറ്റിയശേഷം നവീകരിച്ചത്. ആസ്പയര്‍അക്കാഡമി, ആസ്‌പെറ്റര്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പടയുള്ള ആസ്പയര്‍ സോണ്‍ കോംപ്ലക്‌സിന്റെ ഭാഗമാണ് ഖലീഫ സ്റ്റേഡിയം.
2019ലെ ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനും 2019 ഫിഫ ക്ലബ്ബ് ലോകകപ്പിനും വേദിയായി.കേവലം പതിമൂന്നര മണിക്കൂര്‍ കൊണ്ടാണു സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി സ്ഥാപിച്ചത്. സുപ്രീം കമ്മിറ്റിയുടെ ഓഹരിപങ്കാളികളില്‍ ഒന്നായ ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് 20,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്ന ഖലീഫ സ്റ്റേഡിയത്തെ അത്യാധുനിക നിലവാരത്തില്‍ അള്‍ട്രാ മോഡേണ്‍ ശൈലിയില്‍ നവീകരിച്ചിരിക്കുന്നത്. ഖത്തറിന്റെ പാരമ്പര്യം പ്രതിഫലിക്കുന്ന വലിയ കവാടമാണ് ഇതിന്റെ പ്രത്യേകത. പിച്ചിലെ വെളിച്ചവും സൂര്യപ്രകാശവും സംബന്ധിച്ച ഫിഫയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം തണുപ്പും വെളിച്ചവും ഒരുപോലെ ലഭിക്കത്തക്ക വിധത്തിലാണ് മേല്‍ക്കൂര നിര്‍മിച്ചത്.
കാണികള്‍ക്ക് വിനോദത്തിനും വിശ്രമത്തിനുമായി ഹരിതാഭയാര്‍ന്ന പാര്‍ക്കുകളും പൂന്തോട്ടങ്ങളും നടപ്പാതകളും മാത്രമല്ല സ്റ്റേഡിയത്തിന്റെ പുറത്ത് തണലേകാന്‍ തണല്‍മരങ്ങളുമുണ്ട്. പ്രത്യേക എല്‍ഇഡി ലൈറ്റിങ് ക്രമീകരണമാണ് മറ്റൊരു പ്രത്യേകത. എല്‍ഇഡി പിച്ച്‌ലൈറ്റിങ് സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ചുരുക്കംചില സ്റ്റേഡിയങ്ങളുടെ പട്ടികയിലും ഖലീഫ സ്റ്റേഡിയം ഇടംനേടിയിട്ടുണ്ട്. ഫിഫ ലോകകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഗര്‍ഭിണികളുള്‍പ്പെടെ തികച്ചും അര്‍ഹരായവര്‍ പുറത്ത്; ‘വന്ദേഭാരത് മിഷന്‍’ ഇന്ത്യന്‍ എംബസി ലിസ്റ്റില്‍ അപാകതയെന്ന് ആരോപണം

ഖത്തറിന്റെ കാര്‍ഷിക സുസ്ഥിരത പ്രതിസന്ധി ഘട്ടങ്ങളില്‍ ഗുണകരമാകുന്നു: ക്യുഎഫ് വെബിനാര്‍