in

നേത്രരോഗങ്ങള്‍ക്ക് മികച്ച ചികിത്സ: ലേസര്‍ വിഷന്‍ കറക്ഷന്‍ യൂണിറ്റ് തുറന്നു

ആംബുലേറ്ററി കെയര്‍ സെന്ററില്‍ ലേസര്‍ വിഷന്‍ കറക്ഷന്‍ യൂണിറ്റ് തുറന്നപ്പോള്‍

ദോഹ: രാജ്യത്ത് നേത്രരോഗ സേവനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ഒഫ്താല്‍മോളജി വിഭാഗം പുതിയ ലേസര്‍ വിഷന്‍ കറക്ഷന്‍ യൂണിറ്റ് തുറന്നു. മികച്ച നേത്രചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആംബുലേറ്ററി കെയര്‍ സെന്ററിലാണ്(എസിസി) പുതിയ യൂണിറ്റ് സജ്ജമാക്കിയിരിക്കുന്നത്. നേത്രരോഗത്തിന്റെ എല്ലാ പ്രത്യേകതകളും ഉപവിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന നിരവധി ഡയഗ്‌നോസ്റ്റിക്, ചികിത്സാ യൂണിറ്റുകള്‍ സ്ഥാപിക്കുകയെന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പുതിയ യൂണിറ്റ്. ഫെംടോ-ലസിക് സാങ്കേതികവിദ്യ, ഫെംറ്റോ-സ്‌മൈല്‍ സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ കട്ടിംഗ് എഡ്ജ് ലേസര്‍ നേത്ര ശസ്ത്രക്രിയ സാങ്കേതികവിദ്യയാണ് യൂണിറ്റില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും നൂതനമായ വിഷന്‍ കറക്ഷന്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉപകരണങ്ങള്‍ എച്ച്എംസിയില്‍ ഇതാദ്യമായാണ് ഉപയോഗിക്കുന്നതെന്ന് എച്ച്എംസി നേത്രരോഗ വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഫാത്തിമ അല്‍മന്‍സൂരി പറഞ്ഞു. രാജ്യത്ത് പ്രത്യേക നേത്രചികിത്സാ സേവനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്നതാണ് പുതിയ യൂണിറ്റിന്റെ ലക്ഷ്യം. കാഴ്ചാ തകരാറുകള്‍ പരിഹരിക്കുന്നതിനും ദൂരക്കാഴ്ച, സമീപദര്‍ശനം, ആസ്റ്റിഗ്മാറ്റിസം പോലുള്ള സാധാരണ കാഴ്ച പ്രശ്‌നങ്ങള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കും. കാഴ്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കണ്ണടകളോ കോണ്‍ടാക്റ്റ് ലെന്‍സുകളോ ഉപയോഗിക്കുന്ന പല രോഗികള്‍ക്കും പുതിയ യൂണിറ്റിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടും. കോര്‍ണിയ സ്‌പെഷ്യലിസ്റ്റ്് റഫര്‍ ചെയ്യുന്നവര്‍ക്ക് ലേസര്‍ ചികിത്സ ലഭ്യമാക്കുമെന്ന് ഡോ.അല്‍മന്‍സൂരി പറഞ്ഞു. യൂണിറ്റ് തുടക്കത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തിക്കും. കോര്‍ണിയ രോഗങ്ങള്‍ക്ക് മികച്ച ചികിത്സയുണ്ടാകും. കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, അനുബന്ധ ആരോഗ്യ വിദഗ്ദ്ധര്‍, നഴ്‌സിങ് ടീമുകള്‍ എന്നിവരെല്ലാം യൂണിറ്റിലുണ്ടാകും. 20 വയസും അതില്‍ കൂടുതലുമുള്ള രോഗികള്‍ക്ക് ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കും. അപൂര്‍വ നേത്രരോഗങ്ങള്‍ക്കും ഇടപെടല്‍ ആവശ്യമുള്ള അവസ്ഥയുള്ള പ്രായം കുറഞ്ഞ രോഗികള്‍ക്കും മികച്ച ചികിത്സയാണ് യൂണിറ്റില്‍ ഉറപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

മെട്രാഷ്- 2 മുഖേന ജീവനക്കാരുടെ ആര്‍പി ഓട്ടോമാറ്റിക്കായി പുതുക്കാം