
ദോഹ: അത്ലറ്റുകള്‍ക്കും കായികപ്രേമികള്‍ക്കും അപൂര്വാവസരവുമായി ഏഷ്യന്‍ ഗെയിംസ് ദോഹയിലെത്തുമ്പോള്‍ വേദികള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ ആധുനിക ട്രാന്‍സ്പോര്‍ട്ട് സൗകര്യങ്ങള്‍ക്കു കഴിയുമെന്ന് ഖത്തര്‍ ഒളിംിപിക് കമ്മിറ്റി, ദോഹ 2030 പ്രസിഡന്റ് ശൈഖ് ജുആന്‍ ബന് ഹമദ് ആല്‍താനി. 2030ലാണ് ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ ആതിഥ്യം വഹിക്കുക.
മികവുറ്റ കായിക സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ തലസ്ഥാന നഗരങ്ങളിലൊന്നാണ് ദോഹയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് ഫുട്ബാള്‍ 2022നുള്ള ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ ലോക കായിക ഭൂപടത്തില്‍ മികച്ച സ്ഥാനം നേടാന്‍ ഖത്തറിനു സാധിക്കുമെന്നു വിലയിരുത്തപ്പെടുന്നു.
2006 ദോഹ ഗെയിംസിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ക്കൊപ്പം ആധുനിക ഗതാഗതസൗകര്യങ്ങള്‍ കൂടി ചേരുമ്പോള്‍ കായിക താരങ്ങള്‍ക്കും ആരാധകര്‍ക്കും ആവേശം ചോരാതെ മത്സരങ്ങള്‍ ആസ്വദിക്കാനാകും. ഏഷ്യ ഒളിംപിക് കൗണ്‍സിലുമായി സഹകരിച്ച് വന്‍കരയുടെ കായിക മേഖലയുടെ വികാസമാകും അടുത്ത പത്തു വര്‍ഷത്തെ ഊന്നലെന്നും ശൈഖ് ജുആന്‍ പറഞ്ഞു.
പരമ്പരാഗത ട്രാന്‍സ്പോര്‍ട്ട് സൗകര്യങ്ങള്‍ക്കൊപ്പം അതിനൂതന റോഡുകള്‍, റയില്‍വെ, മെട്രോ ശൃംഖല എന്നിവയും ചേരുന്നതോടെ കായിക പ്രേമികള്‍ക്ക് വേദികളില്‍ അടുത്ത വേദികളിലേക്കെത്തുക എളുപ്പമാകും. സ്റ്റേഡിയങ്ങള്‍ തമ്മില്‍ പരമാവധി 20 മിനിറ്റില്‍ കൂടാത്ത സമയം കൊണ്ടെത്തിപ്പെടാവുന്ന തരത്തില്‍ കിടയറ്റ ട്രാന്‍സ്പോര്‍ട്ട് സംവിധാനമാണ് രാജ്യത്ത് ഒരുങ്ങുന്നത്.
ദോഹ ഗെയിംസ് കളിയാരാധകര്‍ക്കും കായിക താരങ്ങള്‍ക്കും മികച്ച സൗകര്യങ്ങളും അനുഭവവുമായിരുന്നു സമ്മാനിച്ചത്. 2022 ലോകകപ്പ് ഫുട്ബാളിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്ന ഖത്തര്‍, ഫുട്ബാള്‍ മാമാങ്കം വിജയകരമാക്കാന്‍ ഗതാഗത സൗകര്യമുള്‍പ്പെടെ അതിവിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കി വരുന്നത്.