ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ കീഴിൽ സയൻസ് ഇന്ത്യ ഫോറം (എസ്.ഐ.എഫ്) സംഘടിപ്പിച്ച കുട്ടികളുടെ ശാസ്ത്ര കോൺഗ്രസിൽ സീനിയർ വിഭാഗത്തിൽ ഭവന്‍സ് പബ്ലിക്ക് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം.
പതിനൊന്നാം തരത്തിലെ ആദിത്യ അജിത് പിള്ളയും അയാൻ മുഹമ്മദ് നജീബും പ്രതിനിധീകരിച്ച ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ‘ മികച്ച ആരോഗ്യത്തിനും ക്ഷേമത്തിനും പരിസ്ഥിതിയെ മനസ്സിലാക്കുക’ എന്നതായിരുന്നു ശാസ്ത്രമേളയുടെ മുഖ്യ വിഷയം.
ഭവന്‍സ് പബ്ലിക്ക് സ്ക്കൂളിലെ സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെയും, അരുൺകുമാർ സമ്പത്തിന്റെയും പിന്തുണയും മാര്‍ഗ്ഗ നിര്‍ദേശങ്ങളും വിജയത്തിന് സഹായകരമായെന്ന് വിജയികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
19 സ്കൂളുകളിൽ നിന്നുള്ള 164 ടീമുകൾ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തിരുന്നു. ഖത്തറിലെ ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘമാണ് മൂല്യനിര്‍ണ്ണയം നടത്തിയത്. ഇന്ത്യയില്‍ നടക്കുന്ന കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസിലെക്കും ഭവൻസ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം കൈവരിക്കുന്നതിനായി നിരവധി കര്‍മ്മ പദ്ധതികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭവന്‍സ് സ്കൂൾ തയാറാക്കിയിട്ടുണ്ട്. കരിക്കുലത്തില്‍ ഇത്തരം വിഷയങ്ങളെക്കൂടി സംയോജിപ്പിച്ചാണ് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
ഭാവി ശാസ്ത്രലോകത്തിന് ഭവന്‍സിന്റെ വാഗ്ദാനമായി മികച്ച വിജയം സ്വന്തമാക്കിയതിന് ആദിത്യ അജിത് പിള്ളയെയും അയാൻ മുഹമ്മദ് നജീബിനെയും പ്രിൻസിപ്പളും മാനേജ്മെന്റും അധ്യാപകരും രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളും അഭിനന്ദിച്ചു.