
ദോഹ: മെട്രോ സ്റ്റേഷനുകളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും തയ്യാറായി. സെപ്തംബര്‍ ഒന്നു മുതല്‍ 30 ശതമാനം ശേഷിയില്‍ ദോഹ മെട്രോ സര്‍വീസ് തുടങ്ങിയിരുന്നു. അതിനുശേഷം മെട്രോ ഉപയോക്താക്കള്‍ക്കായി മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് ഖത്തര്‍ റെയില്‍ ലഭ്യമാക്കുന്നത്. യാത്രക്കാര്‍ക്ക് സ്റ്റേഷനുകളിലേക്ക് സൈക്കിളിലെത്തി പാര്‍ക്ക് ചെയ്തശേഷം മെട്രോയില്‍ യാത്ര തുടരാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതിയുടെ കീഴില്‍ അല്‍ ഖസര്‍, അല്‍ വഖ്‌റ മെട്രോ സ്റ്റേഷനുകളില്‍ സൗജന്യ കാര്‍ പാര്‍ക്കിങും ഈ വര്‍ഷം ആദ്യം മുതല്‍ ആരംഭിച്ചിരുന്നു. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മെട്രോയ്ക്കുള്ളിലും സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് 30 മിനിറ്റ് സൗജന്യ വൈഫൈ സേവനവും ലഭ്യമാണ്. സ്റ്റേഷനുകള്‍ക്കു സമീപം ബസ് സ്റ്റോപ്പുകളും എസി ബസ് ഷെല്‍ട്ടറുകളും ഒരുക്കുന്നുണ്ട്.