11 വര്‍ഷമായി മുടങ്ങാതെ നോമ്പെടുക്കുന്ന ബിജേഷ് അനുഭവം പറയുന്നു

ദോഹ: കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പൊന്നാനിക്കാരനായ ബിജേഷ് കൈപ്പട റമദാന് മാസത്തില്‍ മുടങ്ങാതെ നോമ്പെടുക്കുന്നുണ്ട്. ഇത്തവണയും ഇതുവരെയുള്ള എല്ലാ ദിവസവും നോമ്പു പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ തെല്ലു സങ്കടത്തോടെയാണ് ഈ വര്‍ഷത്തെ റമദാനെ വരവേറ്റതെന്ന് ബിജേഷ് പറയുന്നു. ആളനക്കമില്ലാത്ത വൈകുന്നേരങ്ങളും നോമ്പു തുറയുടെ സമയവുമെല്ലാം മനസ്സിന് പ്രയാസമുണ്ടാക്കില്ലെന്ന് എങ്ങിനെ പറയും. കമ്പനിയിലെ പത്ത് നൂറാളോടൊപ്പം ഒന്നിച്ച് ബാങ്ക് വിളിക്കായി കാത്തിരിക്കുന്ന ആ സമയം വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നുണ്ട്. കോവിഡിന്റെ കാരണത്താല്‍ ഇപ്പോള്‍ എല്ലാവരും അവരവരുടെ മുറികളില്‍ തനിച്ചോ ചുരുക്കം ആളുകളായോ ആണ് ഇഫ്താര്‍ നടത്തുന്നത്. ഐക്യത്തിന്റെ മഹാസന്ദേശമെന്ന് ബിജേഷിനു തോന്നിയ ഒരു സമയാണ് നോമ്പ് തുറക്കുന്ന ആ നേരം. ഉള്ളവനും ഇല്ലാത്തവനുമെല്ലാം വിശപ്പിന്റെ വിലയറിഞ്ഞ് പള്ളി മിനാരത്തിന്റെ ദിശയിലേക്ക് കാതോര്‍ക്കുന്ന ഏകതയുടെ ആ കൂട്ടുകൂടലിന് ദൈവിക സ്പര്‍ശമുണ്ടെന്ന് അദ്ദേഹം പറയുന്നു.
പതിനൊന്ന് വര്‍ഷമായി ഖത്തറിലെ സഫാരി മാളില്‍ റസീവിങ് മാനേജരായി ജോലി ചെയ്യുകയാണ് ബിജേഷ്. ഈ പതിനൊന്ന് വര്‍ഷവും റമദാനില്‍ വ്രതമനുഷ്ഠിക്കുന്നുണ്ട്. ”കുട്ടിക്കാലത്ത് സഹപാഠികളായ മുസ്്ലിം സഹോദരന്മാര് നോമ്പെടുക്കുന്നത് അല്ഭുതത്തോടെ നോക്കിയിട്ടുണ്ട്. ഇതെങ്ങിനെ കഴിയുന്നുവെന്ന ആശ്ചര്യമാണ് എനിക്കും ഒരു ദിവസമെങ്കിലും അന്നപാനീയമുപേക്ഷിച്ച് കരുത്തുകാട്ടണമെന്ന് മനസ്സില്‍ കുറിച്ചിടാന്‍ ഇടയാക്കിയത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി ആ വെല്ലുവിളി ഏറ്റെടുത്തു. ആദ്യത്തെ നോമ്പിന്റെ നുറുങ്ങു നോവുകള്‍ ഇന്നും മനസ്സ് നിറയെ ഉണ്ട്. പിന്നീട് അങ്ങോട്ട് പലപ്പോഴും റമദാനില്‍ മൂന്നും നാലും നോമ്പുകള്‍ എടുക്കാറുണ്ട്. വടകരയിലും ബാഗ്ലൂരിലുമെല്ലാം ജീവിക്കുന്ന കാലത്തും പല തവണയായി നോമ്പു പിടിച്ചു. ഖത്തറിലെത്തിയതോടെ അത് സ്ഥിരമാക്കുകയും ചെയ്തു.” -ബിജേഷ് വിശദീകരിക്കുന്നു. സഫാരി മാനേജ്മെന്റും സഹപ്രവര്‍ത്തകരും നല്ല പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും ഇടക്കൊക്കെ തന്നോടുള്ള ഐക്യ ദാര്ഢ്യമെന്നോണം നാട്ടിലുള്ള ഭാര്യ ഷെല്‍ജിയും നോമ്പു പിടിക്കാറുണ്ടെന്നും ബിജേഷ് പറഞ്ഞു. ഒന്നര വയസ്സുള്ള ഹര്ഷ്യ മകളാണ്.