
ദോഹ: ഖത്തറിനെതിരെ ഉപരോധം പരിഹരിക്കപ്പെടുന്നതിന് വഴിതെളിയുന്നതായി സൂചന. വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള പാത താരതമ്യേന സമീപഭാവിയില്‍ ഉണ്ടായേക്കാമെന്ന് സഊദി അറേബ്യ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍സഊദ് സൂചന നല്കി. വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസി സംഘടിപ്പിച്ച വിര്‍ച്വല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സുരക്ഷാ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുകാട്ടി. ഗള്‍ഫ് അയല്‍രാജ്യമായ ഖത്തറുമായി മൂന്നുവര്‍ഷം പഴക്കമുള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രി സൂചിപ്പിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിങ്ടണില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് പറഞ്ഞു. ഒരു പരിഹാരം കാണാന്‍ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ ഖത്തരി സഹോദരന്മാരുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അവരും പ്രതിജ്ഞാബദ്ധരാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതേസമയം നാലു രാജ്യങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ച സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേണം. നിയമാനുസൃതമായ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. സമീപഭാവിയില്‍ ഒരു പരിഹാരത്തോടെ അതിലേക്ക് ഒരു പാതയുണ്ടെന്നാണ് കരുതുന്നത്- പ്രിന്‍സ് ഫൈസല്‍ പറഞ്ഞു. നിയമാനുസൃത സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വഴി കണ്ടെത്താന്‍ കഴിയുമെങ്കില്‍ മേഖലക്ക് ഒരു സന്തോഷവാര്ത്തയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന നിലപാടിലാണ് ഖത്തര്‍. ഉപരോധ രാജ്യങ്ങളുമായുള്ള പ്രതിസന്ധി സമാധാനപരമായ നയതന്ത്ര മാര്‍ഗങ്ങളിലൂടെയും മധ്യസ്ഥതയിലൂടെയും സൃഷ്ടിപരവും നിരുപാധികവുമായ സംഭാഷണത്തിലൂടെയുമാണ് പരിഹരിക്കേണ്ടതെന്ന് ഖത്തര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഗള്‍ഫ് വിള്ളല്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തങ്ങളുടെ രാജ്യം തുടരുകയാണെന്ന് കുവൈത്ത് പ്രധാനമന്ത്രി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രതീക്ഷകള്‍ മുന്‍പത്തേതിനേക്കാള്‍ വലുതാണ്. നേരത്തെ ഞങ്ങള്‍ ഒരു ചുവട് മുന്നോട്ടുനീങ്ങുകയും രണ്ടു ചുവട് പിന്നിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരു ചുവട് മുന്നോട്ടുപോയാല്‍ ജിസിസിയിലെ എല്ലാ അംഗരാജ്യങ്ങളുടെയും താല്പര്യാര്ഥം അതിന്റെ പിന്നാലെ മറ്റൊരു ചുവടുമുണ്ടാകുന്നുണ്ട്- കുവൈത്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളോടു ഖത്തറിന് തുറന്ന സമീപനമാണെന്നും ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയും ചൂണ്ടിക്കാട്ടിയിരുന്നു. 2017 ജൂണ്‍ അഞ്ചിനാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ(ജിസിസി) സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍ രാജ്യങ്ങളും ഈജിപ്തും ഖത്തറുമായുള്ള എല്ലാ രാഷ്ട്രീയ, വാണിജ്യ, യാത്രാ ബന്ധങ്ങളും വിച്ഛേദിച്ചത്. ഉപരോധം നീക്കുന്നതിന് അല്‍ജസീറ മാധ്യമ ശൃംഖല അടച്ചുപൂട്ടുക, തുര്‍ക്കി താവളം അടക്കുക, ഇറാനുമായുള്ള ബന്ധം കുറക്കുക എന്നിവ ഉള്‍പ്പടെ പതിമൂന്നിന ആവശ്യങ്ങളാണ് നാലു രാജ്യങ്ങളും മുന്നോട്ടുവെച്ചത്. എല്ലാ ആവശ്യങ്ങളും പരമാധികാരത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ഖത്തര്‍ ഈ ഉപാധികള്‍ തള്ളിക്കളയുകയും അപലപിക്കുകയുമായിരുന്നു. 2019 അവസാനം സഊദി അറേബ്യയുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് ഈ പ്രക്രിയ്യ നിര്‍ത്തിവെച്ചു. ഖത്തറിനെതിരായ വ്യോമ ഉപരോധം അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.