in

91 കോവിഡ് രോഗികള്‍ക്ക് ബ്ലഡ് പ്ലാസ്മ ചികിത്സ നല്‍കിയതായി സിഡിസി ഡയറക്ടര്‍

ഡോ. മുന അല്‍മസ്‌ലമാനി

ദോഹ: രാജ്യത്തെ കൊറോണ വൈറസ്(കോവിഡ്-19) മുക്തരായ 79 ദാതാക്കളില്‍ നിന്ന് ലഭിച്ച സിറം ഉപയോഗിച്ച് ഇതേവരെ 91 കോവിഡ് രോഗികള്‍ക്ക് രക്ത പ്ലാസ്മ ചികിത്സ നല്‍കിയതായി പകര്‍ച്ചവ്യധി ചികിത്സാ കേന്ദ്രം(സിഡിസി) മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍മസ്‌ലമാനി പറഞ്ഞു. സുഖം പ്രാപിച്ച രോഗികളില്‍ നിന്ന് എടുത്ത പ്ലാസ്മ ഉപയോഗിച്ചുള്ള കോവിഡ് ചികിത്സ മികച്ച ഓപ്ഷനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. രോഗമുക്തരായവരുടെ ആന്റബോഡി അടങ്ങിയ ബ്ലഡ് പ്ലാസ്മ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ബ്ലഡ് പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ ആഴ്ച തോറും വര്‍ധനവുണ്ടാകുന്നുണ്ട്. കോവിഡിനെതിരായ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റിബോഡികള്‍ പ്ലാസ്മയിലടങ്ങിയിട്ടുണ്ട്. കോവിഡ് രോഗികളുടെ ആകെയുള്ള അവസ്ഥയെ പ്ലാസ്മ ചികിത്സ മെച്ചപ്പെടുത്തുന്നു എന്നതിന് ചില തെളിവുകളുണ്ടെന്നും ഡോ.അല്‍മസ്‌ലമാനി പറഞ്ഞു. കോവിഡ് മുക്തരായ രോഗികളില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സ സിഡിസില്‍ നല്‍കിവരുന്നുണ്ട്. രാജ്യത്തെ ആറു കോവിഡ് ആസ്പത്രികളിലും നൂതനമായ ചികിത്സാ മാര്‍ഗങ്ങളാണ് നടപ്പാക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പകര്‍ച്ചവ്യധി ചികിത്സാ കേന്ദ്രം(സിഡിസി), ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രി, ക്യൂബന്‍ ആസ്പത്രി, മീസൈദ് ആസ്പത്രി, റാസ് ലഫാന്‍ ആസ്പത്രി, അല്‍ഷഹാനിയയില്‍ അടുത്തിടെ തുറന്ന ഫീല്‍ഡ് ആസ്പത്രി എന്നിവിടങ്ങളിലാണ് അത്യാധുനികസൗകര്യങ്ങളോടെയുള്ള ചികിത്സാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ ആറു ആസ്പത്രികളിലുമായി 4000ലധികം കിടക്കകളുണ്ട്.
കോവിഡിന് അംഗീകൃത വാക്‌സിനുകളോ മരുന്നുകളോ ഇല്ല. പക്ഷേ രോഗികള്‍ക്ക് അവരുടെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ ആരോഗ്യ സഹായം ലഭിക്കും. ഖത്തറിലെ മിക്ക കോവിഡ് രോഗികള്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ചിലര്‍ക്ക് അധിക പരിചരണവും പിന്തുണയും ആവശ്യമാണെന്ന് ഡോ. അല്‍മസ്‌ലമാനി വിശദീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് നിലവില്‍ ഹസം മുബൈരീഖ് ജനറല്‍ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് പലപ്പോഴും മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമാണ്.
ഒരു ചെറിയ ശതമാനത്തിന് എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജന്‍(ഇസിഎംഒ) തെറാപ്പി ആവശ്യമാണ്. ഗുരുതരാവസ്ഥയിലുള്ള കോവിഡ്- ന്യുമോണിയ രോഗിയുടെ രക്തത്തെ ഓക്‌സിജന്‍ ചെയ്യാന്‍ ഇസിഎംഒ സാങ്കേതികവിദ്യയ്ക്ക് കഴിയും. വൃക്കയുടെ ഡയാലിസിസ് പ്രവര്‍ത്തനം പോലെ ഇസിഎംഒ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ മാറ്റിസ്ഥാപിക്കുന്നതായി എച്ച്എംസി തീവ്രപരിചരണ വിഭാഗം ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍മുഹമ്മദ് പറഞ്ഞു. കടുത്ത അസുഖമുള്ള കോവിഡ് രോഗികള്‍ക്ക് അത്യാധുനിക ചികിത്സ ആവശ്യമാണ്.
വേണ്ടത്ര ഉദ്യോഗസ്ഥരും ഉപകരണങ്ങളും മാത്രമല്ല, രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ പ്രത്യേക കഴിവുകളും പരിചയസമ്പത്തുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിയുവില്‍ കോവിഡ് രോഗികളുടെ ശരാശരി ദൈര്‍ഘ്യം രണ്ടു മുതല്‍ മൂന്ന് ആഴ്ചവരെയാണ്.
പക്ഷെ വിട്ടുമാറാത്ത അസുഖങ്ങളോ മറ്റോ ഉള്ളവരിലാണ് കോവിഡ് സ്ഥിരീകരിക്കുകയും സാഹചര്യം സങ്കീര്‍ണമാകുകയും ചെയ്യുന്നതെങ്കില്‍ രോഗമുക്തി നേടാന്‍ സമയമെടുക്കും. ഐസിയു തലത്തില്‍ പരിചരണം ആവശ്യമാകുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൈകാര്യം ചെയ്യാന്‍ എച്ച്എംസിക്ക് മറ്റുപദ്ധതികളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്തോനേഷ്യയിലെ അനാഥര്‍ക്ക് ഖത്തര്‍ ചാരിറ്റി ഈദ് വസ്ത്രങ്ങള്‍ ലഭ്യമാക്കി

കോവിഡ്; ജനറേഷന്‍ അമൈസിങ് അംഗങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു