in

സ്തനാര്‍ബുദ ബോധവത്കരണം: ആസ്പയര്‍
പാര്‍ക്കില്‍ പിങ്ക് വാക്ക് സംഘടിപ്പിച്ചു

സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി ആസ്പയര്‍ പാര്‍ക്കില്‍ നടന്ന പിങ്ക് വാക്കില്‍ നിന്ന്‌

ദോഹ: സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പിങ്ക് വാക്ക് സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലീ പ്രോത്സാഹനവും സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവുമാണ് ലക്ഷ്യം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വാക്കത്തോണില്‍ 50 പേര്‍ പങ്കെടുത്തു. ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. 25 പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ടു വ്യത്യസ്ത സമയങ്ങളിായി ഒന്നര കിലോമീറ്ററോളം ദൂരമാണ് പിങ്ക് വാക്കിന്റെ ഭാഗമായി പിന്നിട്ടത്.
പങ്കെടുത്തവര്‍ കോവിഡിനെതിരായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഫൗണ്ടേഷന്‍ ജീവനക്കാര്‍ ഉറപ്പുവരുത്തിയിരുന്നു. എല്ലാവര്‍ഷവും ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പിങ്ക് വാക്ക് സംഘടിപ്പിക്കുന്നതെന്ന് സംഘാടകസമിതിയംഗം നൂഫ് അല്‍സഫര്‍ പറഞ്ഞു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലാണ് ഇത്തവണ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. സാമൂഹിക അകലം ഉള്‍പ്പടെ പാലിച്ചുകൊണ്ടായിരുന്നു പരിപാടിയെന്നും നൂഫ് അല്‍സഫര്‍ പറഞ്ഞു.
രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ആദ്യ നടപടി ശക്തമായ ബോധവത്കരണമാണെന്ന് പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാനാകും. രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കാനാകും. ചികിത്സയോടുള്ള പ്രതികരണവും മികച്ചതായിരിക്കും. വനിതകള്‍ പരിശോധനക്ക് വിധേയരാകുന്നതിനൊപ്പം വീടുകളില്‍ ലളിതമായ രീതിയില്‍ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടണമെന്നും അല്‍സഫര്‍ പറഞ്ഞു. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാന്‍സര്‍ സൊസൈറ്റി ഉദ്യോഗസ്ഥര്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രോഷറുകള്‍ വിതരണം ചെയ്തു. സ്്തനാര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ രക്ഷപ്പെടല്‍ നിരക്ക് 98 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉംസലാല്‍ ഹെല്‍ത്ത്‌സെന്ററില്‍ 24 മണിക്കൂര്‍ അടിയന്തര സേവനങ്ങള്‍ ലഭിക്കും

തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച്
അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ചുവര്‍ചിത്രം