
ദോഹ: തൃശൂര്‍ ജില്ലാ സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായിരുന്ന പദ്മശ്രീ സി.കെ. മേനോന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചു അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ ഓര്‍മക്കായി ടിജെഎസ്വി സി.കെ. മേനോന് ഭവന പദ്ധതി പ്രഖ്യാപനവും സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ മുഖേനയായിരുന്നു ചടങ്ങ്. സി.കെ മേനോന് പ്രവാസി സമൂഹത്തിനു ചെയ്ത സംഭാവനകള്‍ ഇന്ത്യന്‍ സമൂഹത്തിനു ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും സി.കെ മേനോന്റെ പങ്കിനെക്കുറിച്ച് ലുലു ഗ്രൂപ് ചെയര്‍മാനും എംഡി യുമായ എം.എ. യൂസുഫലി അനുസ്മരിച്ചു. ഹൃദയം നിറയെ സ്നേഹവും കരുണയും സൗഹൃദവും ആര്‍ദ്രതയും കൊണ്ടുനടന്ന
മഹത് വ്യക്തിത്വമായിരുന്നു സി.കെ മേനോനെന്ന് തൃശൂര്‍ എംപി ടി.എന്‍ പ്രതാപന് പറഞ്ഞു. തൃശൂര്‍ ജില്ലാ സൗഹൃദ വേദി രക്ഷാധികാരിയും സി.കെ മേനോന്റെ മകനുമായ ജെ. കെ. മേനോന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്പത്തിനും അധികാരത്തിനുമപ്പുറം മാനവിക മൂല്യങ്ങള്‍ക്കും മാനുഷിക ബന്ധങ്ങള്ക്കുമായിരിക്കണം ജീവിതത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നാണ് പിതാവ് ഓര്‍മ്മിപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. ടിജെഎസ്വി – സി.കെ മേനോന് ഭവന പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു .
വര്‍ഷങ്ങള്‍ പ്രവാസലോകത്തു അധ്വാനിച്ചിട്ടും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കാത്ത നിര്‍ധനരായ സൗഹൃദ വേദി അംഗങ്ങള്‍ക്കായിരിക്കും വീട് നിര്‍മിച്ചുനല്‍കുക. ദോഹ ബാങ്ക് സി.ഇ.ഒ. സീതാരാമന്, കിഡ്നി ഫൗണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍, നോര്‍ക്ക റൂട്സ് ഡയറക്ടര്‍ സി.വി. റപ്പായി, ഐ.സി.ബി.എഫ് പ്രസിഡന്റ് പി. എന്‍. ബാബുരാജന് , ടിജെഎസ്വി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല, അലി ഇന്റര്‍നാഷണല്‍ എംഡി മുഹമ്മദ് ഇസ്സ, ടിജെഎസ്വി അഡൈ്വസറി അംഗം വി.എസ് നാരായണന്, ട്രഷറര്‍ ശ്രീനിവാസന് കണ്ണോത്, തൃശൂര്‍ ജില്ലാ എന്‍ആര്‍ഐ സഹകരണ സംഘം പ്രസിഡന്റ് ശ്രീനിവാസന് പി.ആര്, ആര്.ഓ അബ്ദുല്‍ ഖാദര്‍, സലിം പൊന്നമ്പത്, ഹൈദര്‍ അലി, കെ.എം അനില്‍, വി.കെ സലിം , പി. മുഹ്സിന്, സി.ടി. ലോഹിദാക്ഷന്‍, ധനജയ കുമാര്‍, സുരേഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഷാജു പൊക്കാലത്ത് സി.കെ മേനോനെക്കുറിച്ചുള്ള കവിത ആലപിച്ചു. വേദി ജനറല്‍ സെക്രട്ടറി ശശിധരന് സ്വാഗതവും കോര്‍ഡിനേറ്റര്‍ എ. കെ. നസീര്‍ നന്ദിയും പറഞ്ഞു.