
ദോഹ: സിവില്‍ വ്യോമയാന അതോറിറ്റി(സിഎഎ) പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് വ്യോമയാന മേഖലയിലെ ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
രാജ്യത്തെ ഈ മേഖലയിലെ ഓപ്പറേറ്റര്‍മാരെയും സേവനദാതാക്കളെയും സിവില്‍ ഏവിയേഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ലക്ഷ്യമിട്ടാണ് മാര്‍ഗനിര്‍ദേശങ്ങള്‍. വ്യോമഗതാഗത ഒഴുക്കിന്റെ സുരക്ഷിതവും ക്രമാനുഗതവുമയ വീണ്ടെടുക്കല്‍ എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുകയെന്നതാണ് പ്രധാന ലക്ഷ്യം.
വ്യോമയാന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ) ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് പ്രസിദ്ധീകരണം.
കോവിഡുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഫലപ്രദമായി ലഘൂകരിക്കാനും പൊതുജനാരോഗ്യ ആവശ്യങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.