
ദോഹ: കൊറോണ വൈറസുമായി(കോവിഡ്-19) ബന്ധപ്പെട്ട കേസുകളില്‍ സമയബന്ധിതമായ സഹായത്തിനായി വിളിക്കേണ്ടത് 16000 എന്ന നമ്പരിലാണെന്ന് ഓര്‍മ്മപ്പെടുത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി). കോവിഡ് സഹായത്തിനായി 999 എന്ന നമ്പരിലേക്കല്ല വിളിക്കേണ്ടത്.
കോവിഡുമായി ബന്ധപ്പെട്ട് പലരും 999ലേക്ക് ആവര്‍ത്തിച്ചുവിളിക്കുന്ന സാഹചര്യത്തിലാണ് എച്ച്എംസി ഇക്കാര്യത്തില്‍ വീണ്ടും വ്യക്തത വരുത്തിയത്. രാജ്യത്തെ താമസക്കാരും സ്വദേശികളും ഇക്കാര്യം ശ്രദ്ധിക്കണം. അടിയന്തര സേവനങ്ങള്‍ക്കായാണ് 999ലേക്ക് വിളിക്കേണ്ടത്.
പ്രതിദിനം നൂറു കണക്കിന് തെറ്റായ കോളുകള്‍ 999ല്‍ ലഭിക്കുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സമര്‍പ്പിത ഹോട്ട്‌ലൈന്‍ നമ്പരായ 16000ലാണ് വിളിക്കേണ്ടത്- എച്ച്എംസി വീണ്ടും ട്വീറ്റ് ചെയ്തു. ആംബുലന്‍സ് സര്‍വീസിന്റെ മെഡിക്കല്‍ ഡിസ്പാച്ചര്‍മാര്‍ക്ക് ഓരോ ദിവസവും 999ലേക്ക് അടിയന്തരമെഡിക്കല്‍ ഇടപെടല്‍ തേടിയുള്ള നിരവധി കോളുകള്‍ ലഭിക്കുന്നുണ്ടെന്നും ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് 999 എന്ന നമ്പരിന്റെ പ്രവര്‍ത്തനമെന്നും എച്ച്എംസി വിശദീകരിച്ചു.