
ദോഹ:മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യത്തെ മുനിസിപ്പാലിറ്റികള്‍ പരിശോധനാ കാമ്പയിന്‍ ശക്തമാക്കി. പൊതുസ്വത്തുക്കള്‍ കയ്യേറുന്നതിനെതിരെ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. കൈയേറ്റങ്ങള്‍ക്കെതിരായ സമീപകാല കാമ്പയിന്റെ ഭാഗമായി അല്‍വഖ്‌റ മുനിസിപ്പാലിറ്റി അംഗീകാരമില്ലാതെ പൊതുസ്ഥലത്ത്് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി.
പൊതു, സ്വകാര്യ സ്വത്തുക്കള്‍ സംബന്ധിച്ച 1987ലെ പത്താം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് കയ്യേറ്റങ്ങള്‍ നീക്കം ചെയ്തത്. മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ നിയന്ത്രണ വകുപ്പ് മെക്കാനിക്കല്‍ ഉപകരണ വകുപ്പുമായി സഹകരിച്ചാണ് കാമ്പയിന് നേതൃത്വം നല്‍കിയത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉംസലാല്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഉംസലാല്‍ മുഹമ്മദില്‍ പൊതുപാര്‍ക്കുകളും വാണിജ്യത്തെരുവുകളും അണുവിമുക്തമാക്കി. അല്‍ശമാല്‍ മുനിസിപ്പാലിറ്റി റുവൈസ് തുറമുഖത്തിന്റെ വിവിധ ഭാഗങ്ങളിലും മുനിസിപ്പല്‍ അതിര്‍ത്തിക്കുള്ളിലെ നിരവധി പാര്‍ക്കിങ് സ്ഥലങ്ങളും നടപ്പാതകളും ഭരണനിര്‍വഹണ ഓഫീസുകളും മാലിന്യ കണ്ടെയ്‌നറുകളും അണുവിമുക്തമാക്കി. അല്‍ഷഹാനിയ മുനിസിപ്പാലിറ്റി, പൊതു ശുചിത്വ വകുപ്പ്, പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഖത്തര്‍ പെട്രോളിയം, ദുഖാന്‍ സുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ദുഖാന്‍, സെക്രിത് ബീച്ചുകളിലെ കടല്‍ത്തീര സന്ദര്‍ശകര്‍ക്കിടയില്‍ പൊതു ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിനും തുടരുന്നുണ്ട്.