in

കാരവാനുകള്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍
പാലിക്കണമെന്ന് നിര്‍ദേശം

ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണ്‍ തുടങ്ങിയതോടെ ഗതാഗത അപടകങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളുമായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്. ഗതാഗത അപകടങ്ങള്‍ കുറക്കുന്നതിന് ക്യാമ്പ് അംഗങ്ങള്‍ ഗതാഗത സുരക്ഷാ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ് ലൈസന്‍സില്ലാതെയുള്ള ഡ്രൈവിങാണ് പ്രധാന നിയമലംഘനം.
ലൈസന്‍സില്ലാതെ മോട്ടോര്‍സൈക്കിളുകളും കാറുകളും ഓടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാരവാനുകളും ട്രെയിലറുകളും ക്യാമ്പിങ് സൈറ്റുകളിലേക്ക് കൊണ്ടുപോകുന്നതും അപകടങ്ങള്‍ക്കിടയാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ക്യാമ്പിങിനുള്ള നിയമങ്ങളും സുരക്ഷാ വ്യവസ്ഥകളും പാലിക്കണമെന്ന് ഡയറക്ടറേറ്റ് എല്ലാ ക്യാമ്പര്‍മാരോടും ആഹ്വാനം ചെയ്തു.
പ്രത്യേകിച്ചും കാരവാനുകള്‍ ശൈത്യകാല ക്യാമ്പിങ് സൈറ്റുകളിലേക്കു കൊണ്ടുപോകുമ്പോള്‍ സൂക്ഷ്മത പാലിക്കണം. ആഭ്യന്തരമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളോ മാര്‍ഗനിര്‍ദേശങ്ങളോ ലംഘിക്കുന്നവരോടു യാതൊരു സഹിഷ്ണുതയുമുണ്ടാകില്ലെന്നും നിയമലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. കാരവാനുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ലോഡ് സഹിതം കാരവാനുകളുടെ വീതി 2.60മീറ്ററില്‍ കൂടാന്‍ പാടില്ല. ഒരു അക്ഷത്തിന്റെ(അക്‌സിസ്) പരമാവധി നീളം 3.5 മീറ്ററായിരിക്കണം. രണ്ടു അക്ഷത്തിന്റെയും പരമാവധി നീളം അഞ്ചുമീറ്ററില്‍ കൂടാന്‍ പാടില്ല. കാരവാന്റെ ഉയരം ലോഡ് സഹിതം 4.20 മീറ്ററിലധികമാകാന്‍ പാടില്ല. അഗ്നിശമന ഉപകരണങ്ങളുണ്ടായിരിക്കണം. കാരവാനുകളും ഓഫ്‌റോഡില്‍ മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്. ചേസിസ് നമ്പര്‍ മുദ്രണം ചെയ്തിരിക്കണം. ആക്‌സെല്‍സ് നമ്പറിന്റെ രജിസ്‌ട്രേഷനുണ്ടായിരിക്കണം. വശങ്ങളിലെയും പിന്നിലെയും റിഫ്‌ളക്റ്ററുകള്‍, പിന്നിലെ ലൈറ്റുകള്‍ ട്രാക്റ്ററോടു ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. അശ്രദ്ധമായി വാഹനമോടിക്കല്‍ ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ കുറക്കുന്നതിനായി, സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിന്റെ ആവശ്യതകളെക്കുറിച്ച് യുവജനങ്ങളെയും ക്യാമ്പര്‍മാരെയും ബോധവത്കരിക്കുന്നതിനായി ക്യാമ്പിങ് മേഖലകളില്‍ കാമ്പയിന്‍ നടത്തും.
ക്യാമ്പിങ് സീസണില്‍ സീലൈന്‍ മേഖലയില്‍ അപകടങ്ങള്‍ പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പാനല്‍ രൂപീകരിച്ചിട്ടുണ്ട്. അശ്രദ്ധമായ ഡ്യൂണ്‍ ബാഷിങാണ് സീലൈനിലെ ഗതാഗത അപകടങ്ങളുടെ പ്രധാനകാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ ഗതാഗത വിഭാഗം ഡയറക്ടര്‍ കേണല്‍ ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍താനിയാണ് പുതിയ സമിതിക്ക് നേതൃത്വം നല്‍കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തിമിംഗല സ്രാവുകളുടെ വലിയ ഒത്തുചേരലുകളിലൊന്ന് ഖത്തറില്‍

സ്തനാര്‍ബുദ ബോധവല്‍ക്കരണം: ആകാശത്ത് പിങ്ക് റിബണ്‍ സൃഷ്ടിച്ച് ക്യുഎ ഡ്രീംലൈനര്‍ വിമാനം