in

കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ കോവിഡ് മരണനിരക്ക് കുറക്കാനായി: ആരോഗ്യ മന്ത്രി

കോവിഡ്-19 ഹെല്‍ത്ത് ടാക്റ്റിക്കല്‍ കമാന്‍ഡ് ടീമിന്റെ യോഗത്തില്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി പങ്കെടുത്തപ്പോള്‍

ദോഹ: കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നായി ഖത്തര്‍ തുടരുകയാണെന്ന് പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി. കോവിഡ് കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ മരണനിരക്ക് കുറക്കാനാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കോവിഡ്-19 ഹെല്‍ത്ത് ടാക്റ്റിക്കല്‍ കമാന്‍ഡ് ടീമിന്റെ യോഗത്തില്‍ പങ്കെടുക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. കോവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ ഏറ്റവും പുതിയ വിശദാംശങ്ങളെയും പദ്ധതികളെയുംകുറിച്ച് ഉന്നതതല ടീം മന്ത്രിയോടു വിശദീകരിച്ചു.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക്കിന്റെ നേതൃത്വത്തില്‍ ഈ ഏപ്രിലിലാണ് കമാന്‍ഡ് ടീം രൂപീകരിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയം, പിഎച്ച്‌സിസി, എച്ച്എംസി ഉന്നത ഉദ്യോഗസ്ഥര്‍ ടീമിന്റെ ഭാഗമാണ്.
ഖത്തറിലെ ക്വാറന്റൈന്‍ സൗകര്യങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിനും നടപ്പാക്കലിനും നേതൃത്വം നല്‍കുന്നതിനാണ് ടീം രൂപീകരിച്ചത്. ഖത്തറില്‍ കമ്മ്യൂണിറ്റി ടെസ്റ്റിങ് (സമൂഹ വ്യാപന പരിശോധന)ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ടീമിന് ഉത്തരവാദിത്തമുണ്ട്. പരിശോധന, പരിശോധനാ സൗകര്യങ്ങളുള്ള ഹെല്‍ത്ത് സെന്ററുകള്‍, ഡ്രൈവ്-ത്രൂ സൗകര്യങ്ങള്‍ എന്നിവ വഴി പരിശോധനയിലേക്കുള്ള പ്രവേശനക്ഷമത വിജയകരമായി വികസിപ്പിക്കേണ്ട ചുമതലയും ഈ ടീമിനാണ്.
കമ്യൂണിറ്റി പരിശോധന, സമ്പര്‍ക്ക തെരച്ചില്‍, ക്വാറന്റൈന്‍ ഒരുക്കല്‍ എന്നിവയെ ആശ്രയിച്ചാണ് സമൂഹത്തില്‍ അണുബാധയുടെ വ്യാപനം കുറക്കുന്നതിനായുള്ള പ്രതികരണ തന്ത്രമെന്ന് പൊതുജനാരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗം സങ്കീര്‍ണമാകുന്ന സാഹചര്യം ഒഴിവാക്കാനാകുന്നുണ്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് നിലനിര്‍ത്താന്‍ ഇത് ഖത്തറിനെ സഹായിച്ചു.
കോവിഡിനെതിരായ പോരാട്ടത്തില്‍ കമാന്‍ഡ് ടീമിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിജ്ഞാബദ്ധതയെയും അംഗീകരിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുന്നിനായി പരിശോധനാ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നുണ്ട്.
ഈ ഗ്രൂപ്പില്‍പ്പെട്ട 2.10 ലക്ഷം പേരെയാണ് കോവിഡ് പരിശോധനക്കായി വിധേയരാക്കിയത്. ദേശീയ ശരാശരിയുടെ 56ശതമാനം വരുമിത്. ആരോഗ്യകേന്ദ്രങ്ങള്‍, ഡ്രൈവ് ത്രൂ സൗകര്യങ്ങള്‍, ഹോം ഹെല്‍ത്ത്‌കെയര്‍ എന്നിവ മുഖേന പരിശോധനക്കുള്ള സൗകര്യം വിപുലപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ യുവജനസംഖ്യ, കേസുകള്‍ നേരത്തെ തിരിച്ചറിയുന്നതിനായി പരിശോധന വ്യാപകമാക്കല്‍, എല്ലാ രോഗികള്‍ക്കും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആസ്പത്രി ശേഷി, പ്രത്യേകിച്ച് തീവ്രപരിചരണശേഷി വികസിപ്പിക്കല്‍, പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സംരക്ഷിക്കല്‍ എന്നിവയാണ് ഖത്തറിന്റെ കോവിഡ് മരണനിരക്ക് കുറയാനുള്ള കാരണങ്ങളെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

ജാഗ്രത പാലിച്ചില്ലെങ്കില്‍ വൈറസിന്റെ രണ്ടാം തരംഗം അനുഭവപ്പെട്ടേക്കാം
ദോഹ: നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുകയും കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ടെങ്കിലും, ഖത്തറില്‍ കോവിഡ് മഹാമാരിയുടെ ഭീഷണി അവസാനിച്ചതായി അര്‍ഥമാക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. എല്ലാ ദിവസവും 50 മുതല്‍ 100 വരെ പേരെ മിതമായതും കഠിനവുമായ കോവിഡ് ലക്ഷണങ്ങളുമായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ചില്ലെങ്കില്‍, വൈറസിന്റെ രണ്ടാമത്തെ തരംഗം അനുഭവപ്പെടുകയും രോഗികളുടെ എണ്ണം കൂടുകയും ചെയ്‌തേക്കാം. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളില്‍ ഇത് സംഭവിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇതിനകം തന്നെ പ്രകടമായിട്ടുണ്ട്. എന്നത്തേക്കാളും കൂടുതല്‍, നാം ജാഗ്രത പാലിക്കുകയും ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുകയും വേണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിപുലവും സമഗ്രവുമായ പരിശോധനയുടെ ഫലമായാണ് കൂടുതല്‍ കേസുകള്‍ തിരിച്ചറിയാന്‍ സഹായകമായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ഖോര്‍ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപൂര്‍ത്തീകരണം അന്തിമഘട്ടത്തില്‍

നിരവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം