
ദോഹ: ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റും ഇന്‍കാസ് ഖത്തര്‍ മുഖ്യ രക്ഷാധികാരിയുമായിരുന്ന പത്മശ്രീ സി.കെ മേനോന്റെ ഓര്മ ദിനമായ ഒക്ടോബര്‍ ഒന്നിന് ഇന്‍കാസ് ഖത്തര്‍ വിപുലമായ രീതിയില്‍ ഒന്നാം ചരമ വാര്‍ഷിക ചടങ്ങ് സംഘടിപ്പിച്ചു. സൂം പ്ലാറ്റ്ഫോമില്‍ നടന്ന അനുസ്മരണ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജാതി മത വര്‍ഗ വര്‍ണ ഭേദമെന്യേ സാധാരണക്കാര്‍ക്ക് സഹായകരമാവുന്ന ഇടപെടലുകള്‍ നടത്തിയിട്ടുള്ള സി കെ മേനോന് മലയാളികള്‍ ഉള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടുമെന്നു രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ രാജ്യങ്ങളിലെയും ഒ.ഐ.സി.സി ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവിടങ്ങളില്‍ ഒക്കെ നേരിട്ടെത്തി ശ്രദ്ധിച്ചിരുന്ന മേനോന് ഏറ്റവും മികച്ച പ്രവര്‍ത്തനം തന്നെയായിരുന്നു കാഴ്ച വെച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അര്‍ഹരായവരെ കയ്യയച്ച് സഹായിക്കുന്ന വിശാലമാനസ്കത കൂടി നിലനിര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു മേനോനെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.കെ മേനോന്റെ സ്മരണ നിലനിര്‍ത്താന്‍ ഇന്‍കാസ് ഖത്തര്‍ സാമൂഹ്യ സേവനത്തിലും ജീവകാരുണ്യ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാര ജേതാവിനെ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. കിഡ്നി ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെയും ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെയും സ്ഥാപകനായ ഫാദര്‍ ഡേവിസ് ചിറമേല്‍ ആണ് പുരസ്കാര ജേതാവ്. കോവിഡ് ഭീതി മാറി പതിവ് ജീവിത ക്രമത്തിലേക്ക് ലോകം തിരിച്ചു വരുമ്പോള്‍ നാട്ടില്‍ വിപുലമായ ചടങ്ങില്‍ പുരസ്കാരം ജേതാവിന് സമ്മാനിക്കും. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാനുള്ള ഒരു വലിയ മനസ്സിന് ഉടമയായ സി കെ മേനോന്റെ കരുതലും ആര്‍ദ്രതയും നേരിട്ട് അനുഭവിക്കാന്‍ തനിക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചിരുന്നുവെന്നും അത് പോലുള്ള ഒരു മഹദ് വ്യക്തിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന്റെ ഏറ്റവും ആദ്യത്തെ ജേതാവാകാന് ചിറമേല്‍ അച്ചന് എന്ത് കൊണ്ടും യോഗ്യനാണെന്നും അവാര്‍ഡ് പ്രഖ്യാപിക്കേ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന് മുഖ്യപ്രഭാഷണം നടത്തി. സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ കെ ഇ.ഇസ്മായില്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് പി എന്‍ ബാബുരാജ്, ഐ.ബി.പി.സി പ്രസിഡന്റ് അസീം അബ്ബാസ്, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്, ഐസിബിഎഫ് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ഡോ മോഹന്‍ തോമസ്, കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, ക്വിഫ് പ്രസിഡന്റ് മുഹമ്മദ് ഈസ, ദുബൈ ഒ.ഐ.സി.സി പ്രസിഡന്റ് മഹാദേവന്, ജനറല്‍ സെക്രട്ടറി പുന്നക്കല്‍ അഹ്മദ്, ഷാര്‍ജ ഒ.ഐ.സി.സി പ്രസിഡന്റ് ഐ.വൈ.എ റഹീം, ഒമാന്‍ ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖ് ഹസ്സന്, ഐ.എം.എഫ് പ്രസിഡന്റ് അഷ്റഫ് തൂണേരി, ജെ.കെ മേനോന് ദോഹയിലേയും മറ്റ് ജിസിസിയിലെയും സാംസ്കാരിക സാമൂഹിക- രാഷ്ട്രീയ മേഖലയിലെ നേതാക്കളും വ്യക്തിത്വങ്ങളും സംസാരിച്ചു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹഫീസ് മുഹമ്മദ് സ്വാഗതവും മനോജ് കൂടല്‍ നന്ദിയും പറഞ്ഞു. ആഷിക്ക് അഹ്മദ്, അന്‍വര്‍ സാദത്ത് പരിപാടികള്‍ ഏകോപിപ്പിച്ചു.