
ദോഹ: നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനം തടയുന്നതിനായി ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍(ക്യുഎംസി) ബോധവത്കരണ കാമ്പയിന് തുടക്കംകുറിച്ചു. ഡിജിറ്റല്‍, ദൃശ്യ, ശ്രാവ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ ഭാഷകളിലായാണ് ബോധവത്കരണം. ക്യുഎംസിയുടെ കാമ്പയിനില്‍ മിഡില്‍ഈസ്റ്റ് ചന്ദ്രികയും പങ്കാളിയാകുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലും കോവിഡ് വ്യാപനത്തെ നേരിടുന്നതില്‍ ബന്ധപ്പെട്ട അതോറിറ്റികളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും ദേശീയ സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് അനുസൃതമായുമാണ് ക്യുഎംസിയുടെ കാമ്പയിന്‍. കൊറോണ വൈറസിന്റെ അപകടസാധ്യതകളെക്കുറിച്ചും ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചും വിവിധ രാജ്യങ്ങളില്‍നിന്നുള്ള താമസക്കാരെ ബോധവത്കരിക്കുന്നതിനായി സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെയും ക്യുഎംസി പ്രചാരണത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. മുന്‍നിര പ്രാദേശിക റേഡിയോ സ്‌റ്റേഷനുകളായ റേഡിയോ സുനോ, റേഡിയോ ഒലിവ്(ഹിന്ദി, മലയാളം, സിംഹള), എഫ്എം 107 ഖത്തര്‍(ഉറുദു, ഹിന്ദി), റേഡിയോ കബായന്‍ 94.3(ഫിലിപ്പിനോ) എന്നിവയും ചന്ദ്രിക പത്രവുമാണ് കാമ്പയിനില്‍ പങ്കാളിയാകുന്നത്. കോവിഡ് -19 ന്റെ വ്യാപനം കുറക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ ഭാഷകളില്‍ വീഡിയോകള്‍ തയാറാക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ബോധവല്‍ക്കരണ സന്ദേശം എല്ലാവരിലേക്കും എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാര്‍ഹിക ശുചിത്വം ഉള്‍പ്പെടെയുള്ള വ്യക്തിഗത ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത പോലുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണ് വീഡിയോകള്‍ തയാറാക്കിയിരിക്കുന്നത്. ഐസൊലേഷനും ക്വാറന്റൈനും തമ്മിലുള്ള വ്യത്യാസവും വിശദമാക്കുന്നുണ്ട്. വ്യായാമം പോലെ വീട്ടിലിരുന്ന് ചെയ്യേണ്ട കാര്യങ്ങള്‍, ഭക്ഷണ ശുചിത്വം ഉറപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളും തയാറാക്കിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള, അറബിയോ ഇംഗ്ലീഷോ പരിചിതമല്ലാത്ത കമ്യൂണിറ്റി അംഗങ്ങളിലേക്ക് സന്ദേശം എത്തിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് ക്യുഎംസി വ്യക്തമാക്കി.