
ദോഹ: സെപ്തംബര്‍ 20വരെ കേരളത്തില്‍ നടക്കുന്ന ചന്ദ്രിക പ്രചാരണ കാമ്പയിന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍ കെ.എം.സി.സി വിവിധ ഘടകങ്ങളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ യോഗം സംഘടിപ്പിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് ചന്ദ്രികയും വിധേയമാകുമെന്നും ഏത് സാഹചര്യത്തിലും ചന്ദ്രിക നിലനിര്‍ത്തി കൊണ്ടുപോകേണ്ടത് അതാത് കാലങ്ങളിലെ തലമുറയുടെ ഉത്തരവാദിത്വമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഭിപ്രായപ്പെട്ടു. ചന്ദ്രിക ദിനപത്രത്തിന്റെ പ്രസക്തിയെക്കുറിച്ച് കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.പി സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു. പ്രചരണ കാമ്പയിനുമായി ബന്ധപ്പെട്ട വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളുടെ സംശയങ്ങള്‍ക്ക് പി.എം.എ സമീര്‍, നജീബ് ആലിക്കല്‍ മറുപടി പറഞ്ഞു. ഖത്തറില്‍ കുറ്റ്യാടി, നാദാപുരം അടക്കം പല മണ്ഡലങ്ങളും വിവിധ ജില്ലാ കമ്മിറ്റികളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നേതാക്കളെ അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുമായി പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ സജീവമാകുമെന്നും അറിയിച്ചു. എസ്.എ.എം ബഷീര്‍ അധ്യക്ഷനായ യോഗത്തില്‍ റഈസ് അലി സ്വാഗതം പറഞ്ഞു.