
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന്‍ അമൈസിങിലെ അംഗങ്ങളുടെ കോവിഡ് കാലത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ സമൂഹങ്ങളിലെ അപകടസാധ്യതയുള്ളവരെ സഹായിക്കുകയാണ് ഇവര്‍. ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന്‍ അമൈസിങിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന്‍ അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ീവിതത്തെ മാറ്റിമറിക്കുന്നതില്‍ ഈ പദ്ധതി വലിയ പങ്കുവഹിക്കുന്നുണ്ട്്. ജനറേഷന്‍ അമൈസിങ് സംഘടിപ്പിച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫുട്‌ബോള്‍ എന്ന പദ്ധതിയിലൂടെ പഠിച്ചതും മനസിലാക്കിയതുമായ പാഠങ്ങളും കഴിവുകളുമാണ് കോവിഡ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ പ്രയോജനപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഖത്തര്‍, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ജനറേഷന്‍ അമൈസിങിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ നിരവധി കാരുണ്യപരിപാടികളില്‍ പങ്കാളികളായി. കഴിഞ്ഞ ഡിസംബറില്‍ ദോഹയില്‍ നടന്ന പ്രഥമ ജനറേഷന്‍ അമൈസിങ് ആഘോഷത്തില്‍ പങ്കെടുത്ത നിരവധിപേര്‍ വിവിധ രാജ്യങ്ങളില്‍ കോവിഡ് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നുണ്ട്. യുവ വക്താക്കളുടെ ഈ പ്രവര്‍ത്തനങ്ങളെ ജനറേഷന്‍ അമൈസിങ് പ്രോഗ്രാം ഡയറക്ടര്‍ നാസര്‍ അല്‍ഖോരി പ്രശംസിച്ചു. തങ്ങളുടെ സമൂഹത്തില്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നവരില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനറേഷന്‍ അമൈസിങ് പദ്ധതിയിലൂടെ പഠിച്ച പാഠങ്ങളും മൂല്യങ്ങളും പ്രയോഗവല്‍ക്കരിക്കുന്നതില്‍ സന്തോഷമുണ്ട്. സമൂഹങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നവരായി അവര്‍ മാറുന്നതിലെ അഭിമാനവും അദ്ദേഹം പങ്കുവെച്ചു.
പകര്‍ച്ചവ്യാധി സമയത്ത് ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് യുവജനങ്ങള്‍ നൂതനമായ ഒരു സമീപനം സ്വീകരിക്കുന്നത് കാണുന്നത് അതിശയകരമായ അനുഭവമാണെന്ന് ജനറേഷന്‍ അമൈസിങ് കമ്യൂണിക്കേഷന്‍സ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ മോസ അല്‍മുഹന്നദി പറഞ്ഞു. ഈ ദുഷ്‌കരമായ കാലയളവില്‍ അവര്‍ മുന്‍കൈയെടുക്കുകയും ഗുണപരവും ക്രിയാത്മകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ജനറേഷന്‍ അമൈസിങ് പദ്ധതിയുടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ലോകത്തൊട്ടാകെ അഞ്ചു ലക്ഷത്തിലധികമായിട്ടുണ്ട്. 2019ല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. ഫുട്‌ബോള്‍ ഫോര്‍ ഡെവലപ്‌മെന്റ് പരിപാടികളിലൂടെ മിഡില്‍ഈസ്റ്റ് ഏഷ്യ മേഖലയില്‍ നിരവധിപേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. ജനറേഷന്‍ അമൈസിങ് യാത്ര പത്താംവര്‍ഷത്തിലേക്ക് കടക്കുകയാണ്. ഏഷ്യ മിഡില്‍ഈസ്റ്റ് മേഖലയില്‍ ഖത്തര്‍, ഒമാന്‍, നേപ്പാള്‍, പാകിസ്താന്‍, ജോര്‍ദാന്‍, ലബനാന്‍, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ എട്ടു രാജ്യങ്ങളിലാണ് പദ്ധതികള്‍ നടപ്പാക്കിവരുന്നത്. വിവിധ രാജ്യങ്ങളിലായി മുപ്പത് ഫുട്‌ബോള്‍ പിച്ചുകള്‍ സജ്ജമാക്കി.
പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളായ എഎസ് റോമ, കാസ് യൂപെന്‍, ലീഡ്‌സ് യുണൈറ്റഡ്, ഷെഫീല്‍ഡ് എഫ്‌സി എന്നിവയുമായി സഹകരിക്കുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നുണ്ട്. 2022 ആകുമ്പോഴേക്കും പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു.