ഖത്തര്‍ എയര്‍വെയിസ്, എയര്‍ ഇന്ത്യ അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി

ദോഹ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരിച്ചുപോവാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി പ്രത്യേക ചാര്‍ട്ടര്‍ വിമാനം അനുവദിക്കണമെന്ന ആവശ്യവുമായി ഖത്തര്‍ കെ എം സി സി രംഗത്ത്. കേരളീയരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേകം ചാര്‍ട്ടര്‍ വിമാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംങ് പുരി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമാരന്‍ എന്നിവര്‍ക്കും പിന്തുണ ആവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചതായി ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ഖത്തര്‍ എയര്‍വെയിസ്, എയര്‍ ഇന്ത്യ അധികൃതരുമായി നടത്തിയിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്നുള്ള അനുമതിയുണ്ടെങ്കില്‍ സംഗതി യാഥാര്‍ത്ഥ്യമാവുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഖത്തര്‍ കെ എം സി സി സംസ്ഥാന ആക്ടിംഗ് ജനറല്‍സെക്രട്ടറി റഈസലി വയനാട് അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഇതിനുള്ള പിന്തുണ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വിവിധ രോഗങ്ങള്‍ കൊണ്ട് കഷ്ടത അനുഭവിക്കുന്നവര്‍, ചികിത്സ മുടങ്ങിയവര്‍, ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടു റൂമും ഭക്ഷണവും ഇല്ലാത്തവര്‍, തൊഴിലന്വേഷകരായി വന്ന് തിരികേ പോകാന്‍ സാധിക്കാത്തവര്‍ അടക്കം നിരവധി പേരാണ് ഇന്ത്യന്‍ എമ്പസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. വളരെ പരിമിതമായ സീറ്റുകള്‍ ഉള്ള നിലവിലെ വിമാനങ്ങളില്‍ ഇത്രയധികം ആളുകളെ നാട്ടിലയക്കുക കാലതാമസമെടുക്കുന്ന പ്രക്രിയയാണ്. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിന് അനുമതി ലഭിച്ചാല്‍ മിതമായ നിരക്കില്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ കെ എം സി സി സജ്ജമാണെന്നും അധികാരികള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ഖത്തര്‍ കെ എം സി സി ആവശ്യത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഖത്തറില്‍ നിന്നും കൂടുതല്‍ വിമാനം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര മന്ത്രിക്കും അംബാസിഡര്‍ക്കും കത്തയച്ചിരുന്നു.