in

ചൈനീസ് റോക്കറ്റ് വീഴ്ച: ഖത്തര്‍ സുരക്ഷിതമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം

ദോഹ: ഭ്രമണം തുടരുന്ന ചൈനീസ് റോക്കറ്റായ ലോങ്മാര്‍ച്ച് 5ബിയുടെ വീഴ്ചയില്‍ നിന്നും ഖത്തറും മറ്റു അഞ്ച് അറബ് രാജ്യങ്ങളും സുരക്ഷിതരാണെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം. ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങളുടെ വീഴ്ചയില്‍ നിന്നും ഖത്തര്‍ സുരക്ഷിതമാണെന്ന് കേന്ദ്രം പുറത്തുവിട്ട ഏറ്റവുംപുതിയ സാറ്റലൈറ്റ് റീ എന്‍ട്രി മാപ്പ് വ്യക്തമാക്കുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ലബനാന്‍, യമന്‍ രാജ്യങ്ങള്‍ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങളുടെ വീഴ്ചയില്‍ നിന്നും സുരക്ഷിതരാണെന്ന് ജ്യോതിശാസ്ത്ര കേന്ദ്രം ട്വീറ്റ് ചെയ്തു. ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ ഇന്നു രാത്രി അറബ് ലോകത്തിലൂടെ നാലു തവണ കടന്നുപോകുമെന്ന് ജ്യോതിശാസ്ത്ര കേന്ദ്രം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

ആദ്യത്തേത് വൈകുന്നേരം 6.30 ന് അറേബ്യന്‍ ഗള്‍ഫിലൂടെയും തുടര്‍ന്ന് രാത്രി 8.03ന് ഈജിപ്തിനും ലെവന്റിനും മുകളിലൂടെയും രാത്രി 9.30നും രാത്രി 11നും വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലൂടെയും കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. റോക്കറ്റ് അവശിഷ്ടങ്ങളുടെ വീഴ്ചാ സമയത്തിനു പുറത്താണ് അറബ് ലോകത്തിലൂടെയുള്ള സഞ്ചാരമെന്നതിനാല്‍ ഇവയൊന്നും അപകടകരമല്ലെന്നും ജ്യോതിശാസ്ത്രകേന്ദ്രം വ്യക്തമാക്കി.

അതേസമയം, റോക്കറ്റില്‍ നിന്നുള്ള മിക്ക അവശിഷ്ടങ്ങളും വീണ്ടും പ്രവേശിക്കുന്ന ഘട്ടത്തില്‍ കത്തിപ്പോകുമെന്നും ഒരു ദോഷവും വരുത്താന്‍ സാധ്യതയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചൈനീസ് റോക്കറ്റിന്റെ അനിയന്ത്രിതമായ പുനപ്രവേശത്തെ യുഎസ് സ്‌പേസ് കമാന്‍ഡും നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജനവാസ മേഖലകള്‍ക്കു ഭീഷണിയാകാതെ പസഫിക്, അറ്റ്‌ലാന്റിക് സമുദ്ര മേഖലകളിലെവിടെയെങ്കിലും റോക്കറ്റ് അവശിഷ്ടങ്ങള്‍ വീഴുമെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്. യാത്രക്കിടയില്‍ റോക്കറ്റ് എരിഞ്ഞുതീരുമെന്നും അപകടസാധ്യതയില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

ഏപ്രില്‍ 29നു ചൈനയുടെ പുതിയ സ്‌പേസ് സ്റ്റേഷന്‍ പദ്ധതിയുടെ ആദ്യ മൊഡ്യൂള്‍ ബഹിരാകാശത്തെത്തിക്കാനായാണ് 849 ടണ്‍ ഭാരമുള്ള ലോങ്മാര്‍ച്ച്5ബി റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ 21 ടണ്‍ ഭാരമുള്ള കോര്‍സ്‌റ്റേജാണ് ആശങ്കക്കിടയാക്കിയത്. സാധാരണഗതിയില്‍ തിരിച്ചിറങ്ങുന്ന കോര്‍സ്‌റ്റേജ് ഡിഓര്‍ബിറ്റ് ബേണ്‍ എന്ന പ്രക്രിയ്യയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാറുണ്ട്. ലോങ്മാര്‍ച്ചിന്റെ കാര്യത്തില്‍ കൃത്യമായി ഇറക്കാനായില്ല.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ ഐസിബിഎഫ് സമാഹരിച്ച മെഡിക്കല്‍ സഹായവുമായി രണ്ടാമത്തെ കപ്പലും ഇന്ത്യയിലേക്ക്

ദോഹയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു