
ദോഹ: റമദാനോടനുബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം നടപ്പാക്കുന്ന വിവിധ കര്‍മപദ്ധതികളുടെ ഭാഗമായി പൗരന്മാര്ക്ക് വിലക്കുറവില്‍ ചെമ്മരിയാട് മാംസത്തിന്റെ വില്‍പ്പന തുടങ്ങി. റമദാന് അവസാനം വരെ വില്‍പ്പനയുണ്ടാകും. ചെമ്മരിയാട് മാംസത്തിന്റെ ലഭ്യതയും ഉറപ്പാക്കും. പുണ്യമാസത്തില്‍ പൗരന്മാര്ക്ക് ആട്ടിന്‍മാംസം ന്യായമായ വിലക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുന്നതിനു പുറമെ വിലനിയന്ത്രണം നടപ്പാക്കും. വിപണിയിലെ വിതരണവും ആവശ്യകതയും തമ്മിലുള്ള ബാലന്‍സും ഉറപ്പാക്കും. പൗരന്മാര്ക്ക് സബ്സിഡി നിരക്കില്‍ ചെമ്മരിയാടുകള്‍ നല്‍കാമെന്ന് വിദാം ഫുഡ് കമ്പനി അറിയിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 30,000 പ്രാദേശിക ചെമ്മരിയാടുകളെ വിദാം കമ്പനി നല്‍കും. പ്രാദേശിക ചെമ്മരിയാടുകള്‍ മതിയാകാതെ വരികയാണെങ്കില്‍ സിറിയന്‍ ആടുകളെ സബ്സിഡി നിരക്കില്‍ നല്‍കും. യഥാര്‍ഥ കാര്‍ഡ് സമര്‍പ്പിക്കുന്ന ഒരു പൗരന് രണ്ടു ചെമ്മരിയാടുകളായിരിക്കും നല്‍കുക. വിദാമിന്റെ വഖ്റ, അല്‍ഖോര്‍, അല്മസ്റുഅ, അല്‍ഷഹാനിയ, അല്‍ശമാല്‍ എന്നീ ശാഖകള്‍ മുഖേനയായിരിക്കും വിതരണം. 30 മുതല്‍ 35 കിലോഗ്രാം തൂക്കമുള്ള പ്രാദേശിക ചെമ്മരിയാടിന്(അറബ് അവാസ്സി) ആയിരം റിയാലാണ് വില. 35നും 40 കിലോക്കുമിടയില് ഭാരമുള്ള സിറിയന്‍ ചെമ്മരിയാടിന് 950റിയാല്‍ വില. അറക്കുന്നതിനും കഷണങ്ങളാക്കുന്നതിനും പായ്ക്കിങിനുമായുള്ള തുകയും നിശ്ചയിച്ചിട്ടുണ്ട്.
വിപണിയില്‍ ലഭ്യമാകുന്ന മാംസത്തിന്റെ ഗുണനിലവാരവും മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയുണ്ടാകും. ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ചെമ്മരിയാട് മാംസത്തിന്റെ പ്രാദേശിക ഉത്പാദനം ത്വരിതപ്പെടുത്തുന്നതിലും വിലക്കുറവിനുമായി പുതിയ ദേശീയ കര്‍മ്മപദ്ധതിക്ക് തുടക്കംകുറിച്ചു. വാണിജ്യ വ്യാപാര മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക കന്നുകാലി കര്‍ഷകരുടെ ഉത്പാദനം വര്‍ധിപ്പിക്കാനും അവരുടെ ശേഷിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിനും ഉത്പന്നങ്ങളുടെ എണ്ണവും ഗുണനിലവാരവും ഉയര്‍ത്തുന്നതിനും ഭക്ഷ്യസുരക്ഷയ്ക്ക് പിന്തുണ നല്കുന്ന വിധത്തില്‍ സംഭരണം ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.